റാന്നി: അത്തിക്കയം - റാന്നി റോഡിൽ കുടുംബശ്രീ ഓഫീസിനു സമീപം റോഡരികിൽ മുറിച്ചിട്ടിരിക്കുന്ന തടി യാത്രക്കാർക്ക് ഭീഷണിയാകുന്നു. റോഡിന്റെ വീതി വർദ്ധിപ്പിക്കുന്നതിന് തടസമായി നിന്ന നാറാണംമൂഴി പഞ്ചായത്തിന്റെ വക ഭൂമിയിലെ തടി മൂന്ന് ആഴ്ചമുമ്പ് മുറിച്ചിരുന്നു. ഇതാണ് റോഡരികിൽ അപകട ഭീഷണിയായി തുടരുന്നത്. മുക്കട - അത്തിക്കയം റോഡിലൂടെ ദിവസം നിരവധി തീർത്ഥാടന വാഹനങ്ങൾ കടന്നു പോകുന്നതാണ്. അന്യ സംസ്ഥാനത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് റോഡിന്റെ ഘടന അറിയാത്തതിനാൽ അപകടം ഉണ്ടാവാൻ സാദ്ധ്യത ഏറെയാണ്. അധികൃതർ ഇടപെട്ട് അടിയന്തരമായി വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്ന തടികൾ ഇവിടെ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്. പാതയോരങ്ങളിൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നവിധം തടികൾ ഉൾപ്പടെയുള്ളവ ഇറക്കി ഇടുന്നതു കോടതി വിലക്കിയിട്ടുള്ളതാണ്.