kala

പത്തനംതിട്ട : സ്‌കൂൾ കലോത്സവങ്ങൾ കുട്ടികളുടെ കലാവൈഭവങ്ങൾ കാഴ്ചവയ്ക്കാനുള്ള വേദിയാണെന്ന് അഡ്വ.കെ.യു.ജനീഷ്‌കുമാർ എം.എൽ.എ പറഞ്ഞു. റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാപഞ്ചായത്തിന്റെയും ഉപജില്ലാ വിദ്യാഭ്യാസവകുപ്പിന്റെയും മികച്ച ഇടപെടലാണ് കലോത്സവത്തിന്റെ വിജയത്തിനായി ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷതവഹിച്ചു. കലാമത്സര ഉദ്ഘാടനം കഥാകൃത്ത് ജേക്കബ് ഏബ്രഹം നിർവഹിച്ചു. ജില്ലാകളക്ടർ എ.ഷിബു സുവനീർ പ്രകാശനം ചെയ്തു. ലോഗോ തയ്യാറാക്കിയ കലഞ്ഞൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥി അശ്വിൻ എസ്.കുമാറിനു കളക്ടർ സമ്മാനം നൽകി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആർ.അജയകുമാർ, റോബിൻ പീറ്റർ, ജിജോ മോഡി, ബ്ലോക്കു പഞ്ചായത്ത് അംഗം എൽസി ഈശോ, മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.രാജു, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വകുപ്പ് ഉദ്യോഗസ്ഥർ, അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു. ഉപജില്ലാ തലത്തിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച പ്രൈമറി സ്‌കൂൾ മുതലുള്ള 5000ത്തിലധികം കുട്ടികളാണ് കലോത്സവ വേദികളിൽ മാറ്റുരയ്ക്കുന്നത്.