പത്തനംതിട്ട: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നഗരസഭയുടെ പുതിയ ബസ് സ്റ്റാൻഡ് യാർഡ് നിർമ്മാണം യാഥാർത്ഥ്യമാകുന്നു. കരാർ ഏറ്റെടുക്കാൻ ആളെത്തിയതോടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നാണ് കരുതുന്നത്. കുറഞ്ഞ നിരക്ക് ക്വാേട്ട് ചെയ്ത കരാറുകരനെ നഗരസഭ കൗൺസിൽ അംഗീകരിച്ചു.

നഗരസഭ കൗൺസിലുകൾക്ക് വെല്ലുവിളി ഉയർത്തിയ പ്രശ്‌നത്തിന് നിലവിലെ ഭരണസമിതിയുടെ നേതൃത്വത്തിൽ പരിഹാരമാവുകയാണ്.

സാങ്കേതികവും പ്രായോഗികവുമായ നിരവധി കടമ്പകൾ കടന്നാണ് പദ്ധതിക്ക് തുടക്കമാകുന്നത്. നിർമ്മാണത്തിലെ അപാകതയാണ് യാർഡ് തുടർച്ചയായി താഴുന്നതിന് ഇടയാക്കിയത്. ശാസ്ത്രീയമായ പരിഹാരം നിർദ്ദേശിക്കാതെ നിർമ്മാണം നടത്താൻ കഴിയില്ലെന്ന നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചത്. ബസ് സ്റ്റാൻഡിന്റെ മദ്ധ്യത്തിലെ കുറച്ചുഭാഗം നാലു വർഷങ്ങൾക്കു മുൻപ് കോൺക്രീറ്റ് ചെയ്തിരുന്നു. ഇതേരീതിയിൽ ബാക്കി ഭാഗം കോൺക്രീറ്റ് ചെയ്യുന്നതിനുള്ള നിർദ്ദേശം പുതിയ ഭരണസമിതി അധികാരത്തിൽ എത്തിയശേഷം നഗരസഭ എൻജിനീയറിംഗ് വിഭാഗത്തിന് നൽകി. എന്നാൽ, യാർഡിന്റെ മറ്റ് ഭാഗങ്ങളിൽ മണ്ണിന്റെ ഘടനയിൽ വ്യത്യാസമുണ്ട് എന്ന കാരണത്താൽ വിദഗ്ദ്ധ റിപ്പോർട്ട് വേണമെന്ന നിലപാട് എൻജിനീയറിംഗ് വിഭാഗം സ്വീകരിച്ചു. തുടർന്ന് തിരുവനന്തപുരം കോളേജ് ഒഫ് എൻജിനീയറിംഗിനെ വിദഗ്ദ്ധ പഠനത്തിനായി കൗൺസിൽ ചുമതലപ്പെടുത്തി.

അവർ നൽകിയ ശുപാർശ പ്രകാരം നഗരസഭ എസ്റ്റിമേറ്റ് തയ്യാറാക്കി. തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയർക്ക് സാങ്കേതിക അനുമതിക്കായി നൽകിയെങ്കിലും, അനുമതി ലഭിച്ചില്ല. നാലുമീറ്റർ താഴ്ചയിൽ കുഴിച്ച് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യണമെന്ന നിർദ്ദേശം സമയബന്ധിതമായി നടപ്പാക്കാൻ കഴിയില്ല എന്നായിരുന്നു എസ്റ്റിമേറ്റിന് അനുമതി നിഷേധിച്ചുകൊണ്ട് ചീഫ് എൻജിനീയറുടെ കാര്യാലയം വ്യക്തമാക്കിയത്.

പ്രായോഗികമായ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ച് റിപ്പോർട്ട് വീണ്ടും സമർപ്പിക്കാൻ എൻജിനീയറിംഗ് കോളേജിനോട് കൗൺസിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയുടെ ആദ്യ വൈസ് ചാൻസലറായിരുന്ന കുഞ്ചറിയ പി. ഐസക് അടക്കമുള്ള വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത് എൻജിനീയറിംഗ് കോളേജ് വീണ്ടും റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് നഗരസഭ സമർപ്പിച്ച എസ്റ്റിമേറ്റിന് ചീഫ് എൻജിനീയർ സാങ്കേതിക അനുമതി നൽകി. പ്രീക്വാളിഫിക്കേഷൻ ഉൾപ്പെടെ ടെൻഡർ നടപടികൾ നഗരസഭ വേഗത്തിൽ പൂർത്തീകരിച്ചു.

'' നഗരസഭാ ഭരണസമിതിയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് യാർഡ് നിർമ്മാണ ഉദ്ഘാടനം നടത്താനാണ് ആലോചിക്കുന്നത്

അഡ്വ. ടി. സക്കീർഹുസൈൻ, നഗരസഭ ചെയർമാൻ.