തിരുവല്ല: പ്രായപൂർത്തിയായ എല്ലാ വിദ്യാർത്ഥികളും വോട്ടവകാശം വിനിയോഗിക്കണമെന്ന് ആഹ്വാനം ചെയ്ത് സംസ്ഥാന ചീഫ് ഇലക്ട്രൽ ഓഫീസിന്റെയും ജില്ലാ ഇലക്ട്രൽ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ വോട്ട് രജിസ്ട്രേഷൻ ക്യാമ്പയിനും സമ്മതിദാനാവകാശ ബോധവത്കരണവും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിൽ നടത്തി. ജില്ലാ കളക്ടർ എ. ഷിബു ഉദ്ഘാടനം ചെയ്തു. കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി മാനേജറുമായ ഫാ.സിജോ പന്തപ്പള്ളിൽ മുഖ്യാതിഥിയായി. ആശുപത്രി ഡയറക്ടറും സി.ഇ.ഒ.യുമായ പ്രൊഫ. ഡോ.ജോർജ് ചാണ്ടി മറ്റീത്ര, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.ഗിരിജാ മോഹൻ, ഇലക്ഷൻ ഡപ്യൂട്ടി കളക്ടർ ആർ.രാജലക്ഷ്മി,തഹസിൽദാർ പി.എസുനിൽ, ജോബിൻ കെ.ജോർജ്, ടി.ബിനുരാജ്, ജോസഫ് എസ്.മാത്യു, കൃഷ്ണതീർത്ഥ് അനിൽ എന്നിവർ സംസാരിച്ചു. സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വോട്ട് രജിസ്ട്രേഷൻ, തിരഞ്ഞെടുപ്പ് കാർഡിന് അപേക്ഷിക്കേണ്ട വിധം തുടങ്ങി സമ്മതിദാനാവകാശവുമായി ബന്ധപ്പെട്ട വ്യത്യസ്ത വിഷയങ്ങളിലും മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇലക്ഷൻ വിഭാഗം അധികൃതർ ക്ലാസ് നൽകി.