തിരുവല്ല: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം നിലച്ച പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ ഫാക്ടറിയുടെ പുനരുജ്ജീവനത്തിന് വഴിതെളിക്കുന്നു. വ്യവസായ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ഉന്നതതല യോഗത്തിലെ തുക അനുവദിക്കണമെന്ന അടിയന്തര പ്രാധാന്യമുള്ള തീരുമാനം നടപ്പായി. പുനരുജ്ജീവനത്തിനായി സർക്കാർ 7.5 കോടി രൂപ അനുവദിച്ചു. ജീവനക്കാരുടെ അഞ്ചുമാസത്തെ ശമ്പള കുടിശ്ശികയിൽ ഒരു മാസത്തെ നൽകി. ട്രാക്കോ കേബിൾ ഫാക്ടറിയുടെ പ്രതിസന്ധിയെക്കുറിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച ' ലോക്ക് വീണ് ട്രാക്കോ ' എന്ന വാർത്തയെ തുടർന്നാണ് നടപടി. കേബിൾ ഫാക്ടറി എസ്.ബി.ഐയിൽ നിന്നെടുത്ത വായ്പ മുടങ്ങിയതിനാൽ അക്കൗണ്ടിലെ ഇടപാടുകൾ നിലച്ചിരുന്നു. ഇതുകാരണം സർക്കാർ അനുവദിച്ച 7.50 കോടി രൂപയും വായ്പയുടെ കുടിശ്ശിക അടയ്ക്കാൻ വിനിയോഗിച്ചു. ബാങ്ക് ഇടപാടുകൾ ഇപ്പോൾ സുഗമമാക്കിയതോടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളവും വിതരണം ചെയ്തു.
കമ്പനിയിൽ ഉത്പ്പാദനം തുടങ്ങിയില്ല
എന്നാൽ അസംസ്കൃത വസ്തുക്കൾ വാങ്ങാനുള്ള പണത്തിന്റെ കുറവുമൂലം കമ്പനിയിൽ ഉത്പ്പാദനം തുടങ്ങാനായിട്ടില്ല. കെ.എസ്.ഇ.ബിക്ക് ആവശ്യമായ എ.സി.എസ്.ആർ കേബിളുകളാണ് ചുമത്രയിലെയും ഇരുമ്പനത്തെയും ഫാക്ടറികളിൽ നിർമ്മിച്ചു നൽകിയിരുന്നത്. എന്നാൽ പ്രവർത്തനം മുടങ്ങിയതോടെ കെ.എസ്.ഇ.ബിക്ക് കേബിളുകൾ നൽകുന്നതും മുടങ്ങി. കേബിൾസ് ആൻഡ് കണ്ടക്റ്റേഴ്സ് നിർമ്മിക്കാനുള്ള കെ.എസ്.ഇ.ബിയുടെ ഓർഡറിന്റെ കാലാവധി നീട്ടിയെടുത്താലേ കമ്പനിക്ക് ഇനി പ്രവർത്തിക്കാനാകൂ. ഇക്കാര്യത്തിലെ സർക്കാർ ഇടപെടൽ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവല്ലയിൽ പങ്കെടുക്കുന്ന നവകേരള സദസിൽ നിവേദനം നൽകാനും തൊഴിലാളികൾ തീരുമാനിച്ചിട്ടുണ്ട്.
.........................................
സർക്കാർ 7.50 കോടി അനുവദിച്ചു
......................................
സാമ്പത്തിക പ്രതിസന്ധിമൂലം സാധനസാമഗ്രികൾ കെ.എസ്ഇ.ബി മുഖേന വാങ്ങിയെടുത്ത് കേബിളുകൾ നിർമ്മിച്ചു നൽകാനും ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇതുസംബന്ധിച്ച് കെ.എസ്ഇ.ബിയുമായി ചേർന്ന് കരാറുണ്ടാക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
(ട്രാക്കോ കേബിൾ കമ്പനി അധികൃതർ)