ചെങ്ങന്നൂർ: കെ.എസ്ആർ.ടി.സി ഡിപ്പോയുടെ പിന്നിലൂടെയുള്ള തിട്ടമേൽ- ബഥേൽ റോഡ് സഞ്ചാരയോഗ്യമാക്കാൻ വൈകുന്നു. ബഥേൽ ജംഗ്ഷനിൽ നിന്ന് എം.സി റോഡ് ഒഴിവാക്കി റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ ധാരാളം ആളുകൾ ഉപയോഗിക്കുന്ന റോഡാണിത്. കുണ്ടും കുഴിയുമായി കിടക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ജനപ്രതിനിധികളും പ്രദേശവാസികളും നാളുകളായി ആവശ്യപ്പെട്ടിട്ടും അറ്റകുറ്റപ്പണിക്ക് നടപടിയില്ല. ശബരിമല തീർത്ഥാടനം ആരംഭിച്ചതോടെ നിരവധി അയ്യപ്പഭക്തന്മാരും ഈ വഴി ഉപയോഗിക്കുന്നു. കാലിൽ ചെരുപ്പില്ലാതെ നടന്നുവരുന്ന സ്വാമിമാർക്കാണ് ഏറെ ദുരിതം . രണ്ട് പൊതുമരാമത്ത് റോഡുകളെ ബന്ധിപ്പിക്കുന്ന ഇൗ റോഡ് , കുടിവെള്ള പദ്ധതിക്കായി കിഫ്ബി പൊളിച്ചതോടെയാണ് പൂർണമായും സഞ്ചാരയോഗ്യമല്ലാതായത്. റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് കേരളകൗമുദി നേരത്തെ വാർത്ത നൽകിയിരുന്നു. അറ്റകുറ്റപ്പണിക്ക് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.