ശബരിമല : തീർത്ഥാടക പ്രവാഹം തുടരുകയാണ് ശബരിമലയിൽ . ഒരു ലക്ഷത്തോളം തീർത്ഥാടകരാണ് ഇപ്പോൾ ദൈനംദിനം ദർശനം നടത്തുന്നത്. ഒരാഴ്ചയായി മൂടിക്കെട്ടിയ അന്തരീക്ഷമാണ് . ഇടയ്ക്ക് ശക്തമായ വെയിലും ഇടവിട്ട് മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഇടിമിന്നലോടുകൂടിയ തോരാമഴയുമുണ്ട്. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് തുടങ്ങിയ മഴ രാത്രി എട്ട് വരെ നീണ്ടുനിന്നു. ഇന്നലെ പുലർച്ചെ ഒന്ന് മുതൽ നാല് വരെയും ഉച്ചയ്ക്ക് പന്ത്രണ്ടര മുതൽ രണ്ട് വരെയും വൈകിട്ടും മഴ പെയ്തു. ചാറ്റൽ മഴ ഉള്ളപ്പോൾപോലും മലയകയറ്റവും ഇറക്കവും ബുദ്ധിമുട്ടാണ്. പക്ഷേ ഇതൊന്നും തീർത്ഥാടകർക്ക് പ്രശ്‌നമാകുന്നതേയില്ല. പരമ്പരാഗത പാത, സ്വാമി അയ്യപ്പൻ റോഡ്, ചന്ദ്രാനന്ദൻ റോഡ് എന്നിവിടങ്ങളിലൂടെയാണ് തീർത്ഥാടകരുടെ യാത്ര. ഇവിടെ മേൽക്കൂരകളോ മഴ പെയ്താൽ കയറിനിൽക്കാൻ സൗകര്യങ്ങളോ ഇല്ല. മഴ പൂർണ്ണമായും നനഞ്ഞ് ഭക്തിയുടെ മാത്രം ബലത്തിലാണ് ഓരോ തീർത്ഥാടകരും മല കയറി ഇറങ്ങുന്നത്. ക്യൂ കോംപ്ളസുകളിലും നീലമല പാതയിൽ ഭാഗികവുമായാണ് മേൽക്കൂരയുള്ളത്.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് സന്നിധാനത്തും പമ്പയിലും ശരണപാതയിലും തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്. ശബരിമലയിലെ നിയന്ത്രണം ബാധിക്കുന്നത് പ്രധാന ബേസ് ക്യാമ്പായ നിലയ്ക്കലിനെയാണ്. സന്നിധാനത്ത് തിരക്കുണ്ടായാലും മഴയെ തുടർന്ന് പമ്പയിൽ ജലനിരപ്പ് ഉയർന്നാലും നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമുണ്ടാകും. മഴ ശക്തമായാൽ ശബരിമലയിലും പമ്പയിലും തീർത്ഥാടകരെ തങ്ങാൻ അനുവദിക്കില്ല. പകരം നിലയ്ക്കലിൽ സൗകര്യമൊരുക്കേണ്ടിവരും. ഈ തീർത്ഥാടന കാലത്ത് രണ്ട് തവണ ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. തിരക്കും നിയന്ത്രണവും കണക്കിലെടുത്ത് നിലയ്ക്കലിൽ വിരിവയ്ക്കുന്നതിനും പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കുന്നതിനും അന്നദാനം നൽകുന്നതിനുമുള്ള കൂടുതൽ ക്രമീകരണങ്ങൾ പുരോഗമിക്കുന്നുണ്ടെന്ന് ബോർഡ് അധികൃതർ പറഞ്ഞു. തീർത്ഥാടന കാലത്തിന്റെ തുടക്കത്തിൽ ഇത്തരം ഒരു സാഹചര്യം ഉണ്ടായപ്പോൾ എല്ലാ സംവിധാനങ്ങളും തകിടം മറിഞ്ഞിരുന്നു. ഇത് പരിഹരിച്ച് മുന്നോട്ടുപോകാനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്.