പമ്പ : ശബരിമല പാതയിൽ ചാലക്കയത്തിന് സമീപം കെ.എസ്ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 39 തീർത്ഥാടകർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ ഒന്നേമുക്കാലോടെയാണ് അപകടം. പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് പരിക്കേറ്റവരെ പമ്പ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർ മധുകുമാർ, കണ്ടക്ടർ പ്രദീപ്, തീർത്ഥാടകരായ ഗോപാൽ, മുരളി കൃഷ്ണ, പോൾ റെഡ്‌ഡി,സന്ദീപ്,അനിൽകുമാർ, രവികുമാർ എന്നിവർക്കാണ് സാരമായ പരിക്കേറ്റത്. നിസാര പരിക്കേറ്റവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് പോയ ബസിലെ ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മറ്റൊരു ബസിൽ ഇടിക്കുകയും ഈ ബസ് മൂന്നാമതൊരു ബസിൽ ഇടിക്കുകയും ചെയ്യുകയായിരുന്നു