
പന്തളം: അനവസരത്തിൽ പെയ്ത ശക്തമായ മഴ കാരണം കൃഷിയിറക്കാൻ കർഷകർ ബുദ്ധിമുട്ടുന്നു. വൃശ്ചിക കാർത്തികയ്ക്ക് കൃഷിയിറക്കി വിഷുവാകുമ്പോഴേക്കും കൊയ്തുകയറുന്ന പരമ്പരാഗത കൃഷിരീതി കരിങ്ങാലിപ്പാടത്തിന് നഷ്ടമായി. കാലാവസ്ഥയിലെ വ്യതിയാനവും പാടത്ത് കെട്ടിനിൽക്കുന്ന വെള്ളം വറ്റിക്കാൻ സൗകര്യമില്ലാത്തതും കൃഷിയിറക്കാൻ തടസമാകുന്നതായി കർഷകർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ അച്ചൻകോവിലാറ്റിൽ ജലനിരപ്പുയർന്നതോടെ പാടത്തേക്കും വെള്ളം കയറി. ചിറ്റിലപ്പാടത്ത് നിലം പൂട്ടിയടിക്കാനായി ട്രാക്ടർ ഇറക്കിയെങ്കിലും വെള്ളം കൂടുതലായതിനാൽ പണി നടത്താനായില്ല. വലിയകൊല്ലായിലും വാരുകൊല്ലായിലും തെക്കുഭാഗത്തുള്ള കുഴിനിലങ്ങളിലുമെല്ലാം വെള്ളം കെട്ടിക്കിടക്കുകയാണ്. കൃഷിയിറക്കേണ്ട കാലം കഴിഞ്ഞും കരിങ്ങാലിപ്പാടത്തെ വെള്ളം വറ്റുന്നതും കാത്തിരിക്കുകയാണ് പന്തളത്തിന്റെ നെല്ലറയായ കരിങ്ങാലിപ്പാടത്തെ കർഷകർ.
വെള്ളം വറ്റിച്ച് ഞാറു പാകിക്കഴിഞ്ഞാൽ മൂന്നാഴ്ചയെങ്കിലും കഴിഞ്ഞാലേ ഞാറ് പറിച്ചുനടാൻ പാകമാകു. അപ്പോഴേക്കും ഒരു മാസത്തോളം സമയം വൈകും. വെള്ളം വറ്റാത്തതുകാരണം ഞാറ് പാകുന്നതിനോ നിലം പൂട്ടിയടിച്ച് ഒരുക്കുന്നതിനോ കഴിയുന്നില്ല.പാടത്തെ കരിങ്ങാലി വലിയതോടുമായി ബന്ധിപ്പിക്കുന്ന ഇരുട്ടടിതോട് നന്നാക്കി വലിയ പമ്പുപയോഗിച്ച് വെള്ളം അടിച്ചുവറ്റിക്കുകയും പൂട്ടിയടിച്ചശേഷം വെള്ളം പാടത്തേക്ക് അടിച്ചു കയറ്റി കൃഷിയിറക്കുകയും ചെയ്യാമെന്ന് വലിയകൊല്ലായിലെ കർഷകർ പറയുന്നു.. ഈ സംവിധാനം വേനൽ മഴയിൽ നിന്ന് കൃഷിയെ രക്ഷിക്കാനും പ്രയോജനപ്പെടും.
വെള്ളം വറ്റിക്കാൻ മാർഗമില്ല
വർഷകാലത്ത് പാടത്ത് നിറഞ്ഞുനിൽക്കുന്ന വെള്ളം അടിച്ചുവറ്റിക്കാൻ മാർഗമില്ലാത്തതും കൃഷിയിറക്കിക്കഴിഞ്ഞാൽ ആവശ്യാനുസരണം വെള്ളം പാടത്തേക്ക് എത്തിക്കാനാകാത്തതുമാണ് കരിങ്ങാലിപ്പാടത്തിന്റെ മുഖ്യമായ പ്രശ്‌നം. വളരെക്കാലമായുള്ള കർഷകരുടെ ആവശ്യമാണ് വെള്ളം വറ്റിക്കുക എന്നത്. നവംബർ ആദ്യവാരം കൃഷിയിറക്കിയാൽ നല്ല വെയിലുള്ള കാലാവസ്ഥയിൽ കൊയ്ത്ത് നടക്കും. പാടത്ത് കൊയ്ത്ത് മെതിയന്ത്രം ഇറക്കാനും നെല്ലും കച്ചിയും ഉണങ്ങിയെടുക്കാനും ഇത് സഹായകമാകും. പാടം കൊയ്ത്തുകാലത്ത് ഉണങ്ങിക്കിടന്നില്ലെങ്കിൽ യന്ത്രം ഇറക്കി കൊയ്‌തെടുക്കാൻ കഴിയുകയില്ല.
@ വേനലാരംഭിച്ച് വെള്ളം വറ്റിത്തുടങ്ങിയപ്പോഴാണ് അച്ചൻകോവിലാറ്റിൽ നിന്ന് പാടത്തേക്ക് വെള്ളം കയറിയത്.
@ മുൻ വർഷങ്ങളിൽ വെള്ളം വറ്റി ഞാറ് പാകി കിളിപ്പിച്ച് ഡിസംബർ അവസാനം കൃഷിയിറക്കിയിരുന്നു
@ ഇത്തവണ ഞാറ് പാകുവാൻപോലും കർഷകർക്ക് കഴിഞ്ഞില്ല.
--------------------
"മുൻ വർഷങ്ങളിലെല്ലാം വേനലിലെ വരൾച്ചയും കൊയ്ത്ത് സമയത്തുള്ള വെള്ളപ്പൊക്കവും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. വെള്ളം അടിച്ചുവറ്റിക്കാൻ സൗകര്യം ലഭിച്ചാൽ കൃഷി നേരത്തേയിറക്കാനും വർഷകാലത്തിന് മുമ്പ് കൊയ്ത് കയറാനും കഴിയും "
കർഷകർ