teachers

പത്തനംതിട്ട : ജില്ലാ കലോത്സവ വേദികളിൽ മൂന്നാംദിനത്തിന്റെ പൂർണ നിയന്ത്രണം അദ്ധ്യാപികമാർ ഏറ്റെടുത്തത് വേറിട്ട അനുഭവമായി. മാമ്പഴ മഞ്ഞയിൽ പച്ച ബോർഡർ സാരിയുടുത്ത അമ്പതിലധികം അദ്ധ്യാപികമാരാണ് പതിനൊന്നു വേദികളും ഇന്നലെ നിയന്ത്രിച്ചത്. പ്രോഗ്രാം കമ്മിറ്റി ജോ.കൺവീനർന്മാരായ പുന്നയ്ക്കാട് സി.എം.എസ്.യു.പി സ്‌കൂൾ പ്രധാനാദ്ധ്യാപിക ബിറ്റി അന്നമ്മ തോമസും കുമ്പഴ വടക്ക് എസ്.എൻ.വി.യു.പി.സ്‌കൂൾ അദ്ധ്യാപിക എസ്.ചിത്രയുമാണ് ഈ പുതുമയ്ക്ക് നേതൃത്വം നൽകിയത്. റാന്നി ഉപജില്ലാ കലോത്സവ കൺവീനറായി സീന എൽമ വർഗീസിനെ നിയമിച്ചതിന്റെ മാതൃക ജില്ലാ കലോത്സവത്തിന്റെ എല്ലാ വേദികളിലും നടപ്പാക്കുകയായിരുന്നുവെന്ന് കെ.പി.എസ്.ടി.എ ജില്ലാ സെക്രട്ടറിയും പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ ഫ്രെഡി ഉമ്മനും ജില്ലാ പ്രസിഡന്റ് എസ്.പ്രേമും പറഞ്ഞു.