
മൈലപ്ര: മൈലപ്രയ്ക്ക് വിരുന്നായി എത്തിയ ജില്ലാ കലോത്സവം നാടിന്റെ ഉത്സവമായി മാറി. കലാപ്രതിഭകൾക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കാൻ മൈലപ്രക്കാർ വീടുകളുടടെ വാതിലുകൾ തുറന്നിട്ടിരിക്കുന്നു. ചില വീടുകൾ മേക്കപ്പിനുള്ള ഗ്രീൻ റൂമുകളായി. വീടുകളിലെ സിറ്റൗട്ടിലും സ്വീകരണ ഹാളിലും മേക്കപ്പിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്ത് നാട്ടുകാർ കലോത്സവം വിജയമാക്കാൻ മുന്നിൽ തന്നെയുണ്ട്. സംഘനൃത്തങ്ങൾക്കും മറ്റ് നൃത്തയിനങ്ങൾക്കും നാടൻ പാട്ടുകൾക്കും കുട്ടികൾക്ക് ഒരുങ്ങാൻ വേദികൾക്ക് സമീപമുള്ള ഗ്രീൻ റൂമുകളേക്കാൻ സൗകര്യം സമീപത്തെ വീടുകളാണ്. കുട്ടികൾക്ക് വിശ്രമിക്കാൻ വീടുകളിലെ മുറികൾ തന്നെ തുറന്നു നൽകി. ചില വീട്ടുകാർ ഭക്ഷണവും നൽകുന്നു. മൈലപ്രാ പഞ്ചായത്തിലെ ജന പ്രതിനിധികളാണ് കലോത്സവത്തിലെ ഒാരോ കമ്മിറ്റികളുടെയും ചെയർമാൻമാർ. കലാമേളയുടെ വിജയത്തിനായി അവർ വേദികളിലും സജീവമാണ്. കലോത്സവം മൈലപ്രയ്ക്ക് ജനകീയ ഉത്സവമാണെന്നും വിജയിപ്പിക്കാൻ നാട്ടുകാർ രംഗത്തുണ്ടെന്നും പഞ്ചായത്തംഗം കുമ്പഴവടക്ക് സ്വദേശി റെജി ഏബ്രഹാം പറഞ്ഞു.