manaf
അബ്ദുൾ മനാഫ്

വെൺമണി: എസ്.ഐ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ഭീഷണിപ്പെടുത്തി വൃദ്ധനിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് പിടിയിൽ. അമ്പലപ്പുഴ വണ്ടാനം നീർക്കുന്നം കൊച്ചുപുരയ്ക്കൽ വീട്ടിൽ അബ്ദുൾ മനാഫി (33) നെയാണ് വെണ്മണി പൊലീസ് അറസ്റ്റുചെയ്തത്. ചെറിയനാട് കടയിക്കാട് കൊച്ചുവീട്ടിൽ തെക്കേതിൽ വാടകയ്ക്ക് താമസിക്കുകയാണ് ഇയാൾ. കഴിഞ്ഞ ദിവസം വീടുവിട്ടിറങ്ങി കാണാതായ ചെറുവല്ലൂർ ആലക്കോട്ട് കല്ലേലിൽ സി.എം ഫിലിപ്പിനെ (കൊച്ചുമോൻ 72) കണ്ടെത്തി യതോടെയാണ് സംഭവത്തെക്കുറിച്ച് അറിയുന്നത്. അബ്ദുൾ മനാഫ് മാന്നാ‍ർ എസ്.ഐ ആണെന്ന് തെറ്റിദ്ധരിപ്പിച്ചും കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പടുത്തിയും പലപ്പോഴായി 25 ലക്ഷത്തോളം രൂപ ഫിലിപ്പിൽ നിന്ന് തട്ടിയെടുത്തിരുന്നു. നിരന്തരഭീഷണിയും പണം ആവശ്യപ്പട്ടുള്ള ഫോൺ കോളുകളും ഭയന്ന് ആത്മഹത്യയുടെ വക്കിലെത്തിയ ഫിലിപ്പ് വീടുവിട്ട് പോവുകയായിരുന്നു. ചെങ്ങന്നൂർ ഡി.വൈ.എസ്.പി ബിനുകുമാന്റെ നേതൃത്വത്തിൽ ഫിലിപ്പിനെ കണ്ടെത്തിയപ്പോഴാണ് വിവരങ്ങൾ അറിയുന്നത് . വെണ്മണി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഓ നസീർ.എ, സബ്ബ് ഇൻസ്പെക്ടർ അരുൺകുമാർ.എ, സിവിൽ പൊലീസ് ഓഫീസ‍ർമാരായ ആകാശ്, വിജേഷ്, കലേഷ്, അഭിലാഷ്, സതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. വ്യാജ സി.ഡി വിൽപ്പന, പീഡനം, തുടങ്ങിയ കേസുകൾ ആലപ്പുഴ സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെയുണ്ട്. റിമാൻ‌ഡ് ചെയ്തു.