tvla

തിരുവല്ല : ജനുവരി 19മുതൽ 21വരെ തിരുവല്ലയിൽ നടക്കുന്ന മൈഗ്രേഷൻ കോൺക്ലേവിന്റെ രജിസ്ട്രേഷൻ തുടങ്ങി​. കുറിപ്പുകളും പ്രബന്ധങ്ങളും അവതരിപ്പിച്ച് ചർച്ചകളിൽ മൂവായിരം പ്രവാസികൾ നേരിട്ട് പങ്കാളികളാകും. വിദേശ സർവകലാശാലകളിലെ ഉൾപ്പെടെ അയ്യായിരത്തോളം അദ്ധ്യാപകരും ഗവേഷകരും ലോകകേരളസഭ അംഗങ്ങളും പ്രവാസി സംരംഭകരുമടക്കം സംവാദത്തിൽ പങ്കാളികളാകും. 200ൽ അധികംപേർ കുറിപ്പുകളുടെ അടിസ്ഥാനത്തിൽ ചർച്ചകളിൽ പങ്കെടുക്കും. ചർച്ചകൾ കേൾക്കുന്നതിന് പ്രവാസി പ്രതിനിധികളും പത്തനംതിട്ടയിലെ പ്രവാസി കുടുംബങ്ങളും നാല് ഹാളുകളിൽ സന്നിഹിതരാകും. ഇതിനുപുറമേ രണ്ടുംമൂന്നും ദിവസത്തെ ചർച്ചകളിൽ നേരിട്ടു പങ്കെടുക്കുന്ന രജിസ്റ്റർചെയ്ത പ്രതിനിധികളും ഉണ്ടാകും. രണ്ടാംദിവസം വിശദമായ പ്രബന്ധങ്ങളുടെ അടിസ്ഥാനത്തിൽ 45സമ്മേളനങ്ങൾ നടക്കും. കേരളത്തിലെ പ്രവാസത്തെക്കുറിച്ചു പഠിച്ചിട്ടുള്ള മുഴുവൻ ഗവേഷകരെയും സമ്മേളനങ്ങളിലേക്കു ക്ഷണിച്ചിട്ടുണ്ട്. ആർക്കുവേണമെങ്കിലും രജിസ്റ്റർചെയ്തു പ്രബന്ധത്തിന്റെ 500വാക്കുകളുടെ രത്നച്ചുരുക്കം അയയ്ക്കുന്നവർക്ക് അവതരണത്തിനു സൗകര്യമുണ്ടാകും. മൂന്നാംദിവസം ചർച്ചകളുടെ ക്രോഡീകരണമാണ്.