
ശബരിമല : തിരക്ക് നിയന്ത്രണാതീതമായതോടെ തീർത്ഥാടകർ ഇന്നലെ ദർശനത്തിന് കാത്തു നിന്നത് പതിനെട്ട് മണിക്കൂറോളം... ലക്ഷത്തിലേറെ ഭക്തരാണ് ഇന്നലെ എത്തിയത്. പതിനെട്ടാം പടിയുടെ നിയന്ത്രണം ലോക്കൽ പൊലീസിൽ നിന്ന് ഇന്ത്യൻ റിസർവ് ബറ്റാലിയൻ ഏറ്റെടുത്തു. വരും ദിവസങ്ങളിലെ വെർച്വൽ ക്യൂ ബുക്കിംഗ് പൂർണമാണ്. സ്‌പോട്ട് ബുക്കിംഗിലൂടെയേ ദർശനം നടത്താനാവൂ.
ഇന്നലെ തീർത്ഥാടകരുടെ നിര പലപ്പോഴും വലിയ നടപ്പന്തലും ശരംകുത്തിയും പിന്നിട്ട് മരക്കൂട്ടത്തിലേക്കും ശബരിപീഠത്തിലേക്കും നീണ്ടു.
തിരക്കിലും ഭക്ഷണവും വെള്ളവും ലഭിക്കാതെയും അവശരായവരെ സന്നിധാനം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീർത്ഥാടന പാതകളിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ്.
നിലയ്‌ക്കലിൽ പൊലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി. പമ്പയിൽ നിന്ന് വിവിധ സെക്ടറുകളായാണ് തീർത്ഥാടകരെ മലചവിട്ടാൻ അനുവദിക്കുന്നത്. പലയിടങ്ങളിലും ഭക്തർ പൊലീസ് ബാരിക്കേഡ് തകർത്ത് കടന്നുപോകാൻ ശ്രമിക്കുന്നത് സംഘർഷത്തിന് ഇടയാക്കുന്നുണ്ട്. വെള്ളിയാഴ്ച രാത്രി നിയന്ത്രണം ലംഘിച്ച് കൂട്ടത്തോടെ സന്നിധാനത്ത് എത്തിയ തീർത്ഥാടകരെ ഏറെ പണിപ്പെട്ടാണ് പൊലീസ് നിയന്ത്രിച്ചത്. വിവിധ കേന്ദ്രങ്ങളിൽ കൂടുതൽ പൊലീസിനെ നിയോഗിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സന്നിധാനത്തെയും പമ്പയിലെയും സർക്കാർ ആശുപത്രികൾ സജ്ജമാക്കാൻ മന്ത്രി വീണാജോർജ് നിർദ്ദേശം നൽകി. കൂടുതൽ ആംബുൻസുകൾ എത്തിക്കും. തിരക്ക് നിയന്ത്രിച്ച് തീർത്ഥാടകർക്ക് സുഖ ദർശനമൊരുക്കാൻ മന്ത്രി കെ.രാധാകൃഷ്ണനും നിർദ്ദേശിച്ചു. റാപ്പിഡ് ആക്‌ഷൻ ഫോഴ്സും ദുരന്ത നിവാരണ സേനയും രംഗത്തുണ്ട്.