
റാന്നി - മുക്കട അത്തിക്കയം ശബരിമല പാതയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു. ഇന്നലെ രാവിലെ 9.30ന് ശബരിമല ദർശനത്തിനു പോകുകയായിരുന്ന ആന്ധ്രാ സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ച ബസ് അത്തിക്കയം ഫെഡറൽ ബാങ്കിന് മുൻവശത്തുവച്ച് എതിരെ വരികയായിരുന്ന ഗ്രേസ് ബസുമായാണ് കൂട്ടിയിടിച്ചത്. ഇറക്കം ഇറങ്ങിവന്ന തീർത്ഥാടക വാഹനം ബ്രേക്ക് ചെയ്തിട്ട് നിൽക്കാതെ സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. ഇരു വാഹനങ്ങളുടെയും മുൻ ഗ്ലാസ് പൊട്ടി. ആർക്കും പരിക്കില്ല. സ്വകാര്യ ബസിന്റെ സ്റ്റീയറിങ് ഉൾപ്പടെ വളഞ്ഞു പോയതിനാൽ ക്രയിൻ ഉപയോഗിച്ച് മാത്രമേ മാറ്റാൻ സാധിക്കുമായിരുന്നുള്ളു. ഇതുമൂലം റോഡിൽ മണിക്കൂറുകളോളംഗതാഗതം തടസപ്പെട്ടു. പെരുനാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.