arun

പത്തനംതിട്ട : വിവാഹം കഴിക്കാനായി പതിനാലുകാരിയെ വീട്ടിൽ നിന്ന് ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയ കേസിൽ 4 യുവാക്കൾ അറസ്റ്റിൽ. ചെന്നീർക്കര ഊന്നുകൽ പനക്കൽ എരുത്തിപ്പാട്ട് വലിയമുറിയിൽ വി.എസ് അരുൺ (24),പ്രക്കാനം കൈമുട്ടിൽപ്പടി കാഞ്ഞിരം നിൽക്കുന്നതിൽ സജു സജി (22), ചെന്നീർക്കര മുട്ടത്തുകോണം പനക്കൽ എരുത്തിപ്പാട്ട് അജിഭവനം വീട്ടിൽ അജി ശശി (18), ഇലവുംതിട്ട നെടിയകാല കോട്ടൂർപ്പാറ തടത്തിൽ അഭിഷിക് (22) എന്നിവരെയാണ് കൊടുമൺ പൊലീസ് പിടികൂടിയത്. പെൺകുട്ടിയെ അരുൺ വിവാഹം കഴിക്കാനായിരുന്നു പദ്ധതി. വീട്ടിൽ നിന്ന് വെള്ളിയാഴ്ച രാത്രി 9നാണ് ഓട്ടോയിൽ പെൺകുട്ടിയെ കൊണ്ടുപോയത്. സജുവിന്റേതാണ് ഓട്ടോറിക്ഷ. അജിയാണ് വാഹനം ഓടിച്ചത്. കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടർന്നായിരുന്നു അന്വേഷണം. ചന്ദനപ്പള്ളി മൂന്നാം കലുങ്കിൽ വച്ചാണ് ഓട്ടോറിക്ഷ കണ്ടെത്തിയത്. ഒാട്ടോയിലുള്ളവരെ ചോദ്യംചെയ്തപ്പോൾ കുട്ടിയും അരുണും ചന്ദനപ്പള്ളിയിലുണ്ടെന്നറിഞ്ഞ് അവിടെയെത്തി അരുണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അടൂർ ഡി.വൈ.എസ്.പി.ആർ ജയരാജിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം . പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം അയച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.