പത്തനംതിട്ട ഉപജില്ലയ്ക്ക് ഒാവറോൾ

പത്തനംതിട്ട: മൈലപ്ര ഗ്രാമത്തെ ഉത്സവ ലഹരിയിൽ ആറാടിച്ച റവന്യൂ ജില്ലാ കലോത്സവം കൊടിയിറങ്ങിയപ്പോൾ ഉപജില്ലകളിൽ 778 പോയിന്റോടെ പത്തനംതിട്ട ഓവറോൾ ചാമ്പ്യൻമാരായി. സ്കൂളുകളിൽ കിടങ്ങന്നൂർ എസ്.വി.ജി.വി. ഹയർസെക്കൻഡറി സ്കൂൾ 390 പോയിന്റ് നേടി ഒന്നാമത്തെത്തി. തുടർച്ചയായി 18-ാം തവണയാണ് കിടങ്ങന്നൂർ എസ്.വി.ജി.വി. ഹയർസെക്കൻഡറി സ്കൂൾ കിരീടമണിയുന്നത്. 702 പോയിന്റോടെ തിരുവല്ല ഉപജില്ല രണ്ടും 700 പോയിന്റോടെ കോന്നി ഉപജില്ല മൂന്നാമതുമെത്തി. സ്കൂളുകളിൽ 246 പോയിന്റോടെ ചെങ്ങരൂർ സെന്റ് തെരേസാസ് ബി. സി. എച്ച്. എസ്. എസ് രണ്ടാം സ്ഥാനവും 230 പോയിന്റോടെ കലഞ്ഞൂർ ഗവ. എച്ച്. എസ്. എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അടൂർ ഉപജില്ല, യു.പി. വിഭാഗത്തിലും ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിൽ പത്തനംതിട്ടയും കിരീടം ചൂടി. സ്കൂൾ വിഭാഗത്തിൽ കിടങ്ങന്നൂർ എസ്.വി.ജി.വി. യു. പി ഹയർസെക്കൻഡറി, വിഭാഗങ്ങളിൽ ഓവറോൾ നേടി. ഹൈസ്കൂൾ വിഭാഗത്തിൽ വള്ളംകുളം നാഷണൽ ഹൈസ്കൂളിനാണ് ഓവറോൾ. സംസ്കൃതതോത്സവത്തിൽ ഉപജില്ലയിൽ തിരുവല്ലയും സ്കൂളുകളിൽ കൊറ്റനാട് എസ്. സി വി. എച്ച്. എസും യു. പി വിഭാഗത്തിൽ ഓവറോൾ നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ഉപജില്ലയിൽ കോന്നി, അടൂർ എന്നീ ഉപജില്ലകളും വള്ളംകുളം നാഷണൽ എച്ച് എസും ഒന്നാമത്തെത്തി. അറബിക് കലോത്സവത്തിൽ ഉപജില്ലയിൽ പത്തനംതിട്ടയും സ്കൂളുകളിൽ പത്തനംതിട്ട സെന്റ് മേരിസ് ഹൈസ്കൂളും ഓവറോൾ നേടി. എച്ച്. എസ് വിഭാഗത്തിൽ കോന്നി ഉപജില്ല ഐരവൺ പി. എസ്. വി. പി. എം എച്ച്. എസ്. എസും ഒന്നാമത്തെത്തി.