പത്തനംതിട്ട: സർക്കാർ പുറമ്പോക്ക് ഭൂമി പാറ ഖനനത്തിന് അനുവദിക്കണമെന്ന് റവന്യു വകുപ്പ് അഡീഷണൽ സെക്രട്ടറി ജില്ലാ കളക്ടർക്ക് നൽകിയ നിർദ്ദേശം നാല് വർഷമായിട്ടും നടപ്പാക്കിയില്ലെന്ന് ആക്ഷേപം. നാരങ്ങാനം വില്ലേജിലെ റീസർവെ നമ്പർ 94/3ലെ റവന്യു ഭൂമി പാറ ഖനനം ചെയ്യാൻ ലീസിന് നൽകണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ഹോളാേബ്രിക്സ് ആൻഡ് പേവിംഗ് മാനുഫാക്ചേഴ്സ് സഹകരണ സംഘം സമർപ്പിച്ച നിവേദനത്തെ തുടർന്നായിരുന്നു റവന്യു അഡീഷണൽ സെക്രട്ടറിയുടെ നിർദ്ദേശം. നിലവിലെ വ്യവസ്ഥകൾക്ക് വിധേയമായി സർക്കാർ ഭൂമി പാറ ഖനനത്തിനായി സ്ഥാപനങ്ങൾക്ക് അനുവദിച്ചു നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അഡീഷണൽ സെക്രട്ടറി ജില്ലാ കളക്ടർക്ക് 2019 മാർച്ച് 21ന് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. അനധികൃതമായി പാറ ഖനനം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണം, സർക്കാർ ഭൂമി പാറ ഖനനത്തിനായി നൽകുമ്പോൾ അപേക്ഷകന്റെ കൈയിൽനിന്ന് നിയമപരമായ എല്ലാ തുകയും ഇൗടാക്കണം എന്നീ നിർദേശങ്ങളും നൽകിയിരുന്നു.

അഡീഷണൽ സെക്രട്ടറിയുടെ നിർദ്ദേശം നടപ്പാക്കാതിരുന്നതിനെ തുടർന്ന് ഹോളോബ്രിക്സ് പേവിംഗ് ആൻഡ് ടൈൽ മാനുഫാക്ചേഴ്സ് സഹകരണ സംഘം പ്രസിഡന്റ് കെ.രാജൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. സംഘത്തിന് ജില്ലയിൽ അഞ്ഞൂറിൽപ്പരം യൂണിറ്റുകളുണ്ട്. പറ ഖനനം നടത്താൻ കഴിഞ്ഞാൽ ഹോളോബ്രിക്സ് പേവിംഗ് മേഖലയിൽ ആയിരത്തിലധികം ആളുകൾക്ക് ജീവനോപാധിയാകും. ഭവന നിർമ്മാണ സാമഗ്രികളുടെ അമിത വില നിയന്ത്രിച്ചു നിറുത്താനാകും. വീടില്ലാത്ത നിർദ്ധനരായവർക്ക് വീട് നിർമ്മിച്ചു നൽകാൻ സംഘത്തിന് പദ്ധതിയുണ്ട്. സർക്കാർ വകുപ്പുകളുടെ വ്യവസ്ഥകൾ പാലിക്കുന്നതിനുള്ള നടപടികളുമായി സംഘം മുന്നോട്ടു പോയിരുന്നു. എന്നാൽ, പാറ ഖനനത്തിന് ജില്ലാ ഭരണകൂടം അനുമതി നൽകാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് സംഘത്തിന്റെ ആവശ്യം.

ക്രഷർ യൂണിറ്റുകളിലെ വില നിയന്ത്രിക്കാൻ ജില്ലാ കളക്ടർമാർ നിരന്തരം ചർച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. ഇതേ തുടർന്നാണ് പാറഖനനത്തിന് സംഘം അനുമതി തേടിയത്. ഖനനം അനുവദിച്ചാൽ സിമന്റിന്റെ ഏജൻസിയെടുക്കാനും ആലോചനയുണ്ട്. ഖനന ഉത്പ്പന്നങ്ങൾക്കൊപ്പം സിമന്റ് ഏജൻസി കൂടി ലഭിച്ചാൽ കുറഞ്ഞ വിലയ്ക്ക് ഹോളോ ബ്രിക്സ് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്താൻ കഴിയുമെന്നാണ് സംഘം ഭാരവാഹികൾ പറയുന്നത്.