
തിരുവല്ല : അപ്പർകുട്ടനാട്ടിൽ പക്ഷിപ്പനി ഭീതിയെ തുടർന്ന് കർഷകർ താറാവ് കൃഷി ഉപേക്ഷിക്കുന്നു. താറാവുകളെ വളർത്തി ആദായകരമായി ജീവിക്കുന്നത് ഇപ്പോൾ വളരെ കുറച്ചു കർഷകർ മാത്രമാണ്. ചെറുകിട, ഇടത്തരം കർഷകർ ഭൂരിഭാഗവും മറ്റു ഉപജീവനമാർഗങ്ങൾ തേടിയിരിക്കുന്നു. കുട്ടനാട്, അപ്പർകുട്ടനാടിന്റെ തനിമയുള്ളതും മേഖലകളിൽ സുലഭമായിരുന്നതുമായ ചാര, ചെമ്പല്ലി ഇനം താറാവുകളെ കിട്ടാനും ബുദ്ധിമുട്ടായി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇടവിട്ടുള്ള വർഷങ്ങളിൽ പടർന്നുപിടിക്കുന്ന പക്ഷിപ്പനിയാണ് താറാവ് വളർത്തലിന് കടുത്ത ഭീഷണിയായിരിക്കുന്നത്. പക്ഷിപ്പനി വന്നാൽ ഇവയെ വ്യാപകമായി കൂട്ടത്തോടെ കൊന്നൊടുക്കുന്നതാണ് കർഷകരുടെ മനം മാറ്റത്തിന് പ്രധാന കാരണം. നഷ്ടപരിഹാരം ലഭിക്കുമെങ്കിലും അദ്ധ്വാനത്തിന്റെ ഫലം നഷ്ടപ്പെടുന്ന സ്ഥിതിയാണ്. വളർത്തുതാറാവുകളെ കൊന്നൊടുക്കിയാലും മാസങ്ങളോളം മുട്ടയ്ക്കും ഇറച്ചിക്കും ഡിമാന്റില്ലാതെ വിൽപ്പന കുറഞ്ഞു കടക്കെണിയിലാകുന്നു. ഒരു താറാവ് ദിവസവും 160 മുതൽ 200 ഗ്രാം വരെ തീറ്റയെടുക്കുന്നു. സംസ്‌കരിച്ച തീറ്റ കൂടാതെ നെല്ലും പായലും ചെറുപ്രാണികളെയുമൊക്കെ താറാവ് ഭക്ഷിക്കും. തീറ്റ വിലകൊടുത്ത് വാങ്ങുന്നതും പാടത്ത് കൊണ്ടുനടന്ന് വളർത്തുന്നതും കർഷകരുടെ അദ്ധ്വാനഭാരം കൂട്ടുന്നു. ജില്ലയുടെ ഗ്രാമീണ മേഖലകളിലാണ് 95 ശതമാനം താറാവ് കർഷകരുള്ളത്. 2019ലെ കണക്ക് പ്രകാരം 1,42,356 താറാവുകളെ ഗ്രാമീണ മേഖലകളിൽ വളർത്തുന്നുണ്ട്. 5,453 താറാവുകൾ മാത്രമാണ് നഗരപ്രദേശങ്ങളിലുള്ളത്. ഇറച്ചിക്കായി വളർത്തുന്ന വിഗോവ ഇനത്തിലുള്ള താറാവുകൾക്ക് ഡിമാന്റ് ഉണ്ടെങ്കിലും ആവശ്യാനുസരണം ലഭ്യമാക്കാനും നടപടിയില്ല. രണ്ടര കിലോ വരെ തൂക്കമുള്ള ഇത്തരം താറാവുകൾക്ക് ഹോട്ടലുകളിലും മറ്റും ആവശ്യക്കാരേറെയാണ്.
താറാവ് ഇറച്ചി വില : 380 രൂപ (കിലോ)
മുട്ട വില : 10 രൂപ
കർഷകരുടെ കൃത്യം കണക്കില്ല
താറാവ് കർഷകരുടെ കൃത്യമായ കണക്കില്ലാത്തതും ഈ മേഖലയുടെ പിന്നാക്കാവസ്ഥയ്ക്ക് കാരണമായി. പക്ഷിപ്പനി ഉണ്ടാകുമ്പോൾ മാത്രമാണ് കണക്കെടുപ്പ് നടക്കാറുള്ളത്. നഷ്ടമുണ്ടായ കർഷകരുടെ കണക്കെടുപ്പാണ് അത്. താറാവുകൾക്ക് ഇൻഷുറൻസ് പരിരക്ഷയയും ഏർപ്പെടുത്തിയിട്ടില്ല. മറ്റു കർഷകരുടെ പോലുള്ള ആനുകൂല്യങ്ങളും താറാവ് കർഷകർക്ക് ഇല്ല. താറാവുകൾക്ക് വാക്സിൻ സൗജന്യമായി നൽകുന്നതാണ് ആകെയുള്ള സർക്കാർ സഹായം. ഈ മേഖലയിലുള്ള കർഷകർ ഉപജീവനത്തിനായി മറ്റു വഴികള തേടിയിട്ടും നിലവിലുള്ള കർഷകരുടെ യഥാർത്ഥ കണക്കെടുപ്പ് നടത്താൻപോലും സർക്കാർ തയ്യാറായിട്ടില്ല.
പക്ഷിപ്പനി കഴിഞ്ഞാലും മാസങ്ങളോളം മുട്ടയ്ക്കും ഇറച്ചിക്കും ഡിമാന്റില്ലാതെ താറാവുകളെ പാടത്ത് ഉപേക്ഷിച്ച കർഷകർ നിരവധിയുണ്ട്. താറാവുകൾക്ക് ഇൻഷുറൻസ് പരിരക്ഷയും സർക്കാർ സഹായങ്ങളും ഉറപ്പാക്കാൻ സർക്കാർ ഇടപെടണം
ബിജു വർഗീസ്,
(താറാവ് കർഷകൻ)