
ശബരിമല: ശരണപാതയിൽ എന്തെങ്കിലും അസ്വഭാവികമായി കണ്ടാൽ ഞൊടിയിടയിൽ അവിടേയ്ക്ക് പാഞ്ഞെത്തും. അത് കുരങ്ങായിക്കോട്ടെ പന്നി ആയിക്കോട്ടെ ചെറിയ പക്ഷികൾ ആയിക്കോട്ടെ..... അവയെ കുരച്ച് തുരത്തി അയ്യപ്പന്മാർക്ക് സുഖയാത്ര ഒരുക്കാൻ പ്യൂപ്പിയെന്ന നായ ഉണ്ടാകും. രാവിലെ മുതൽ ശരണപാതയുടെ വിവിധ ഭാഗങ്ങളിൽ പ്യൂപ്പി നിലയുറപ്പിക്കും. തീർത്ഥാടകർക്ക് തടസമായി ഒന്നും ഉണ്ടാകാൻ അവൾ അനുവദിക്കില്ല. തീർത്ഥാടകരോട് സ്‌നേഹം മാത്രമാണ് പ്യൂപ്പിക്കുള്ളത്. സന്നിധാനത്തെ മണിയൻ ആട് കഴിഞ്ഞാൽ ഭക്തരുടെ മനം കവരുന്ന ആളായി പ്യൂപ്പി മാറിയിരിക്കുകയാണ്. കഴിഞ്ഞ തീർത്ഥാടന കാലത്ത് മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തി ഹരിഹരൻ നമ്പൂതിരിയും അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്ന വിജയകുമാറും ദീപക്കും ചേർന്നാണ് പ്യൂപ്പിയെ സംരക്ഷിച്ചത്.