ശബരിമല : മണ്ഡലപൂജ അടുത്തതോടെ ശബരീശ സന്നിധിയിലേക്ക് പരമ്പരാഗത കാനന പാതയിലൂടെയുള്ള തീർത്ഥാടകരുടെ വരവ് കൂടി. എരുമേലി, കരിമല, വണ്ടിപ്പെരിയാർ പുൽമേട് വഴികളിലൂടെയാണ് തീർത്ഥാടകർ എത്തുന്നത്. തുടക്കത്തിൽ പുല്ലുമേട് വഴി തീർത്ഥാടക സഞ്ചാരത്തിന് നിയന്ത്രണമുണ്ടായിരുന്നെങ്കിലും ഇപ്പോൾ നീക്കി. എരുമേലി വഴി വരുന്ന തീർത്ഥാടകർ പേരൂർ തോട്, ഇരുമ്പൂന്നിക്കര, അരശുമുടികോട്ട, കാളകെട്ടി, അഴുത, കല്ലിടാംകുന്ന്, ഇഞ്ചിപ്പാറക്കോട്ട, മുക്കുഴി, കരിയിലാംതോട്, കരിമല വലിയാനവട്ടം, ചെറിയാനവട്ടം തുടങ്ങിയ പുണ്യസങ്കേതങ്ങൾ കടന്നാണ് പമ്പയിലൂടെ സന്നിധാനത്ത് എത്തുന്നത്. ഇൗ പാതയിൽ വൈകിട്ട് ആറിന് ശേഷം വനം വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയട്ടുണ്ട്.
കോട്ടയം - കുമളി ദേശീയപാത വഴി വണ്ടിപ്പെരിയാറിലെത്തുന്ന തീർത്ഥാടകർ വള്ളക്കടവ്, വണ്ടിപെരിയാർ, സത്രം, ഉപ്പുപാറ, പുല്ലുമേട് വഴി സന്നിധാനത്ത് എത്തും. 12 കിലോമീറ്ററാണ് ഈ പാതയുടെ ദൈർഘ്യം. രാവിലെ 7 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ മാത്രമെ തീർത്ഥാടകരെ കടത്തിവിടു. തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകർ പുല്ലുമേട് വഴിയും മലബാർ മേഖലയിലുള്ളവർ എരുമേലി, കരിമല വഴിയുമാണ് കൂടുതലായും സന്നിധാനത്ത് എത്തുന്നത്. വന്യമൃഗങ്ങളടെ ആക്രമണം പ്രതിരോധിക്കുന്നതിനും തീർത്ഥാടകരുടെ സുരക്ഷ മുൻനിറുത്തിയും വനംവകുപ്പ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വനം വകുപ്പിന്റെ നിർദ്ദേശങ്ങൾ
1. വൈകിട്ട് ആറിന് ശേഷം കാനന പാതയിലൂടെ സഞ്ചരിക്കരുത്.
2. വിരിവയ്ക്കുന്നതിനും ഭക്ഷണത്തിനും ഇടത്താവളങ്ങൾ ഉപയോഗിക്കണം.
3. കടും നിറമുള്ള വസ്ത്രങ്ങൾ ധരിക്കരുത്.
4. വാദ്യമേളങ്ങളും ശബ്ദഘോഷങ്ങളും ഒഴിവാക്കണം.
5. വന്യമൃഗങ്ങളുടെ ചിത്രങ്ങൾ എടുക്കരുത്.
6. സംഘം ചേർന്ന് യാത്ര ചെയ്യണം.
7. വഴിമാറി സഞ്ചരിക്കരുത്.
8. അവശ്യ മരുന്നുകൾ കരുതണം.
കാനന പാതകൾ
എരുമേലി - പമ്പ
ദൂരം : 48 കിലോമീറ്റർ
സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ടവർ
വനംവകുപ്പ് ജീവനക്കാർ : 35
ട്രയിനി ബീറ്റ് ഫോറസ്റ്റ് ഉദ്യാഗസ്ഥർ : 25
എലഫന്റ് സ്‌ക്വാഡ് : 30
പുല്ലുമേട് പാത
ദൂരം : 12 കി.മീറ്റർ
സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ടവർ
വനംവകുപ്പ് ജീവനക്കാർ :45
ട്രയിനി ബീറ്റ് ഫോറസ്റ്റ് ഉദ്യാഗസ്ഥർ : 25
എലഫന്റ് സ്‌ക്വാഡ് അംഗങ്ങൾ : 45