പത്തനംതിട്ട: ഭക്തജന നിയന്ത്രണങ്ങളിലും ക്രമീകരണങ്ങളിലും പൊലീസും ദേവസ്വം ബോർഡും വീഴ്ച വരുത്തിയതോടെ ശബരിമല തീർത്ഥാടകർ നരകയാതനയിലായി. ഇന്നലെ ദർശനത്തിന് 18 മണിക്കൂർവരെ കാത്തുനിൽക്കേണ്ടിവന്നു. ഒരു ലക്ഷത്തിലേറെപ്പേരാണ് ഇന്നലെയും എത്തിയത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ദർശന സമയം വൈകിട്ട് ഒരു മണിക്കൂർ നീട്ടി. ഇന്നലെ വൈകിട്ട് മൂന്നിന് നട തുറന്നു. ഒരു മണിക്ക് അടയ്ക്കുന്ന ക്ഷേത്രനട വൈകിട്ട് നാലിനാണ് തുറന്നിരുന്നത്.
ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ദേവസ്വം ബോർഡ് അധികാരികൾ തന്ത്രി കണ്ഠര് മഹേഷ് മോഹനരുമായി നടത്തിയ കൂടിയാലോചനയെ തുടർന്നാണ് ദർശനസമയം നീട്ടിയത്.
മുൻവർഷങ്ങളിൽ ഒരു ലക്ഷത്തിലേറെ തീർത്ഥാടകരെ കടത്തിവിട്ടിരുന്ന ക്രമീകരണം ഇക്കുറി ഫലപ്രദമായില്ല.
കഴിഞ്ഞ വർഷംവരെ വെർച്വൽ ക്യൂ സംവിധാനം പൊലീസിന്റെ പൂർണ നിയന്ത്രണത്തിലായിരുന്നു. ഹൈക്കോടതിയുടെ അനുമതിയോടെ ഈ വർഷം അത് ദേവസ്വം ബോർഡ് ഏറ്റെടുത്തു. പൊലീസ് പഴയ വേഗവും ജാഗ്രതയും കാട്ടുന്നില്ലെന്ന് ആക്ഷേപമുണ്ട്.
തിരക്ക് ക്രമാതീതമായതോടെ സന്നിധാനം മുതൽ നിലയ്ക്കൽ വരെയും തീർത്ഥാടകരെ പലിടത്തായി തടഞ്ഞു. വാഹന നിര ഇലവുങ്കൽ വരെ നീണ്ടു. രാത്രി മുതൽ പത്തനംതിട്ടയിൽ നിന്ന് വാഹനങ്ങൾ കടത്തിവിടുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. കുടിവെള്ളവും ഭക്ഷണവും ലഭിക്കാതെ തീർത്ഥാടകർ വലഞ്ഞു.
വെർച്വൽ ക്യൂ വഴിയുള്ള ദർശനം 90,000 ആയിരുന്നത് 80,000 ആയി കുറച്ചെങ്കിലും ക്രമീകരണങ്ങളിലെ പാളിച്ച കാരണം ഫലപ്രദമായില്ല. മുൻകാലങ്ങളിൽ നട അടച്ചിരിക്കുന്ന സമയങ്ങളിലും പതിനെട്ടാംപടി ചവിട്ടാൻ അനുവദിച്ചിരുന്നു. ഇവർ വടക്കേ നടയിൽ കാത്തുനിന്ന് നേരിട്ട് സന്നിധാനത്ത് എത്തി ദർശനം നടത്തിയിരുന്നു.
പടികയറിയത് മിനിട്ടിൽ 60 പേർ
പതിനെട്ടാംപടി കയറുന്നവരുടെ എണ്ണം 85നും 95നും ഇടയിലായിരുന്നത് കഴിഞ്ഞ ദിവസങ്ങളിൽ 60 ആയി കുറച്ചു . ഒരു മണിക്കൂറിൽ 5000 മുതൽ 5700 വരെ തീർത്ഥാടകർക്ക് പൊലീസിന്റെ സഹായത്തോടെ പതിനെട്ടാംപടി കയറാൻ കഴിയും. കഴിഞ്ഞ ദിവസങ്ങളിൽ 3500 പേരോളം മാത്രമാണ് പടി കയറിയത്. കൂടുതൽപേരെ കയറ്റിവിടാൻ പൊലീസും ദേവസ്വം ബോർഡും തയ്യാറായിട്ടില്ല.
'ഡൈനമിക് ക്യൂ' പാളി
ദേവസ്വം ബോർഡ് ഇത്തവണ നടപ്പിലാക്കിയ ഡൈനമിക് ക്യൂ സംവിധാനം പരാജയമായി. മരക്കൂട്ടത്ത് നിന്ന് ശരംകുത്തിയിലേക്ക് വരുന്ന പാതയിൽ ആറ് ക്യു കോംപ്ലക്സുകളിലായാണ് ഡൈനമിക് ക്യൂ സംവിധാനം. ഓരോ ക്യൂ കോംപ്ലക്സിലും മൂന്ന് മുറികളിലായി കുടിവെള്ളം, സ്നാക്സ്, വിശ്രമ സൗകര്യം, ശൗചാലയം എന്നീ സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും സമയക്രമം അനുസരിച്ച് ദർശനം സാദ്ധ്യമാക്കുമെന്നുമായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ക്യൂ കോപ്ലക്സിൽ കുടിവെള്ളംപോലും ലഭിക്കാതെ എട്ടു മണിക്കൂറിലധികം നേരം സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർക്ക് കഴിയേണ്ടിവന്നു. വലിയ നടപ്പന്തലിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും പ്രത്യേക ക്യൂ സംവിധാനം നടപ്പിലായില്ല.