
പത്തനംതിട്ട : ഒരു കിലോ 10ഗ്രാം ഹാഷിഷ് ഓയിലുമായി കോഴിക്കോട് പുത്തൂർ ഓമശ്ശേരി കണ്ണൻകോട്ടുമ്മൽ കെ.അഭിജിത്തി (21) നെ തിരുവല്ല പൊലീസ് അറസ്റ്റുചെയ്തു. ബാംഗ്ലൂർ നിന്ന് തിരുവല്ലയിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ ഹാഷിഷ് ഓയിലുമായി എത്തിയതായിരുന്നു.
ബാംഗ്ലൂരിൽ ഏവിയേഷൻ കോഴ്‌സിന് പഠിക്കുകയാണ് അഭിജിത്ത്. ജില്ലാ പൊലീസ് മേധാവി വി.അജിത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി കെ.എ.വിദ്യാധരൻ, തിരുവല്ല ഡിവൈ.എസ്.പി അഷാദ് എന്നിവരുടെ നേതൃത്വത്തിൽ തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മയക്കുമരുന്നിന്റെ ഉറവിടം, കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി നിർദേശം നൽകി.