
പത്തനംതിട്ട: ജില്ലാ സ്‌കൂൾ കലോത്സവ വേദികളിൽ മത്സരാർത്ഥികളുടെ പങ്കാളിത്തം കുറഞ്ഞു. ജനപ്രിയ ഇനങ്ങളായ മിമിക്രിയിലും മോണോ ആക്ടിലും മത്സരിക്കാനുണ്ടായിരുന്നവരുടെ എണ്ണം പതിവിലും കുറഞ്ഞത് ചർച്ചയായി.
പരിശീലനം ആവശ്യമുള്ള ഇനങ്ങളിൽ പങ്കെടുക്കാൻ കുട്ടികൾ മടി കാട്ടുന്നു. 11 ഉപജില്ലകളിലെ കലോത്സവം പൂർത്തിയാക്കിയാണ് ജില്ലാ കലോത്സവം നടത്തിയതെങ്കിലും പല ഇനങ്ങളിലും മത്സരാർ്ചഥികൾ തന്നെ ഇല്ലാതായി. ചിലതിനാകട്ടെ ഒന്നോ രണ്ടോ പേരാണ് വേദികളിലെത്തിയത്. മോണോ ആക്ടിൽ പെൺകുട്ടികളുടെ പങ്കാളിത്തം ഉണ്ടായപ്പോൾ ആൺകുട്ടികൾ കുറവായിരുന്നു. മിമിക്രിയിൽ ഇരുവിഭാഗത്തിലും പങ്കാളിത്തം കുറഞ്ഞു. ഹൈസ്‌കൂൾ പെൺകുട്ടികളുടെ മിമിക്രി മത്സരത്തിൽ പങ്കെടുത്തത് ഒരാളാണ്. ആൺകുട്ടികൾ അഞ്ചുപേർ വേദിയിലെത്തി. ഹയർ സെക്കൻഡറിയിൽ മൂന്ന് പെൺകുട്ടികളും നാല് ആൺകുട്ടികളും മത്സരിച്ചു. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് ആൺ, പെൺ വെവേറെയാണ് മത്സരം നടത്തിയത്. ഹൈസ്‌കൂൾ വിഭാഗം കഥകളിയിൽ മൂന്നുപേർ മാത്രമാണ് മത്സരിക്കാനെത്തിയത്.
കൂടിയാട്ടത്തിൽ ഒരു ടീം മാത്രമാണ് മത്സരിക്കാനുണ്ടായിരുന്നത്. യുനെസ്‌കോയുടെ പൈതൃകപ്പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ ഏക കലാരൂപമാണിത്. ചാക്യാരുടെ ആക്ഷേപഹാസ്യത്തിന്റെ ചാട്ടവാറടിയേൽക്കാത്ത ഒരാൾ പോലും മുമ്പുണ്ടായിരുന്നില്ല. സാമൂഹ്യ വിമർശനം മുഖ്യമാക്കിയ ചാക്യാർകൂത്തിൽ ഒരാൾ മാത്രമായിരുന്നു മത്സരാർത്ഥി. ഇതുതന്നെയാണ് നങ്ങ്യാർ കൂത്തിന്റെയും സ്ഥിതി. ബ്യൂഗിൾ മുഴക്കാൻ ആരുമുണ്ടായില്ല. മത്സരവേദി ശൂന്യമായിരുന്നു. ഓടക്കുഴലിന് ഒരാൾ മാത്രം മത്സരിച്ചു. നങ്ങ്യാർകൂത്ത്, കേരളനടനം (ആൺകുട്ടികൾ), പഞ്ചവാദ്യം കൂടിയാട്ടം, യക്ഷഗാനം, വൃന്ദവാദ്യം, കന്നഡ പ്രസംഗം എന്നിവയിലും ഓരോരുത്തർ വീതം മത്സരിച്ചു. കഴിഞ്ഞ വർഷം നൂറിലേറെ പരാതികളാണുണ്ടായിരുന്നത്. ഇത്തവണ 84 ആയി കുറഞ്ഞു.