പത്തനംതിട്ട : അടൂർ ചാത്തന്നുപ്പുഴ ഭട്ടതൃക്കോവിൽ ശ്രീമഹാദേവ ക്ഷേത്രത്തിലെ ബലിക്കൽപ്പുരയിലുള്ള വഞ്ചിയുടെ ചുവരുകൾ പൊട്ടിക്കാൻ ശ്രമിച്ചും, ക്ഷേത്രത്തിന്റെ മതിൽ കെട്ടിനകത്തെ സ്റ്റീൽ വഞ്ചി നശിപ്പിച്ചും മോഷണശ്രമം നടത്തിയ യുവാവ് അടൂർ പൊലീസിന്റെ പിടിയിലായി. അടൂർ ചൂരക്കോട് മുരപ്പേൽ വീട്ടിൽ രാഹുലി (24) നെയാണ് പിടികൂടിയത്. ഈമാസം ഏഴിനു രാത്രിയും എട്ടിന് പുലർച്ചയ്ക്കും ഇടയിലാണ് മോഷണ ശ്രമം നടന്നത്. ക്ഷേത്രത്തിലെയും, സമീപ പ്രദേശങ്ങളിലെയും സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞിരുന്നെങ്കിലും മോഷ്ടാവ് ഒളിവിൽ പോയി. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തേതുടർന്ന് നടന്ന ഊർജ്ജിതമായ അന്വേഷണത്തിൽ പ്രതിയെ ഇന്നലെ വൈകിട്ടോടുകൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.
അടൂർ ഡിവൈ.എസ്.പി ആർ.ജയരാജിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിൽ പൊലീസ് ഇൻസ്‌പെക്ടർ എസ്.ശ്രീകുമാർ, എസ്.ഐമാരായ എം.മനീഷ്, എസ്.സി.പി.ഓ സൂരജ്, സി.പി.ഓമാരായ ശ്യാംകുമാർ, അജിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.