
നിറഞ്ഞ സദസിൽ രാത്രി വൈകുവോളം നീളുന്ന മത്സരങ്ങളില്ല. കാണികളുടെ ആവേശങ്ങളോ വിദ്യാർത്ഥികളുടെ ആഘോഷങ്ങളോ ഒന്നും തന്നെയില്ലാതെയാണ് പത്തനംതിട്ട റവന്യു ജില്ലാ കലോത്സവം കഴിഞ്ഞു പോയത്. കലോത്സവം തുടങ്ങിയതും അവസാനിച്ചതുമൊന്നും സമീപത്തുള്ളവരും അറിഞ്ഞില്ല. മത്സരിക്കാൻ കുട്ടികൾ കുറഞ്ഞതിനാൽ രാത്രി വൈകുവോളം ഉറക്കളച്ചുള്ള കാത്തിരിപ്പൊന്നുമില്ലാതെയാണ് ഈ വർഷത്തെ റവന്യു ജില്ലാ കലോത്സവം മൈലപ്രയിൽ പരിസമാപ്തി കുറിച്ചത്.
സ്‌കൂൾ കലോത്സവ വേദികളോട് മുൻകാലങ്ങളിലുണ്ടായിരുന്ന ആവേശം ഇപ്പോൾ കുട്ടികൾക്കില്ല. ഒരുപാട് നേരം വേദികൾക്ക് മുന്നിലിരിക്കാൻ വിദ്യാർത്ഥികൾ താത്പര്യം കാണിക്കുന്നില്ല. 11 ഉപജില്ലകളിലെ കലോത്സവം പൂർത്തിയാക്കിയാണ് ജില്ലാ കലോത്സവം നടത്തിയതെങ്കിലും പല ഇനങ്ങളിലും മത്സരാർത്ഥികൾ ഇല്ലാതായി. ചിലതിനാകട്ടെ ഒന്നോ രണ്ടോ പേരാണ് വേദികളിലെത്തിയത്.
ജനപ്രിയ ഇനങ്ങളായ മോണോആക്ട്, മിമിക്രി അടക്കമുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണം കുറയുകയാണ്. ജില്ലാ കലോത്സവത്തിൽ മോണോ ആക്ടിൽ പെൺകുട്ടികളുടെ പങ്കാളിത്തം ഉണ്ടായപ്പോൾ ആൺകുട്ടികൾ വളരെ കുറവായിരുന്നു. മിമിക്രിയിൽ ഇരുവിഭാഗത്തിലും പങ്കാളിത്തം കുറഞ്ഞു. ഹൈസ്‌കൂൾ പെൺകുട്ടികളുടെ മിമിക്രി മത്സരത്തിൽ പങ്കെടുത്തത് ഒരാളാണ്. ആൺകുട്ടികൾ അഞ്ചുപേർ വേദിയിലെത്തി. ഹയർ സെക്കൻഡറിയിൽ മൂന്ന് പെൺകുട്ടികളും നാല് ആൺകുട്ടികളും മത്സരിച്ചു. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് ആൺ, പെൺ വെവേറെയാണ് മത്സരം നടത്തിയത്.
ഹൈസ്‌കൂൾ വിഭാഗം കഥകളിയിൽ മൂന്നുപേരും. കൂടിയാട്ടത്തിൽ ഒരു ടീംമാണ് മത്സരിക്കാനുണ്ടായിരുന്നത്. യുനെസ്‌കോയുടെ പൈതൃകപ്പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ ഏക കലാരൂപമാണിത്. ചാക്യാരുടെ ആക്ഷേപഹാസ്യത്തിന്റെ ചാട്ടവാറടിയേൽക്കാത്ത ഒരാൾ പോലും മുമ്പുണ്ടായിരുന്നില്ല. സാമൂഹ്യ വിമർശനം മുഖ്യമാക്കിയ ചാക്യാർകൂത്തിൽ ഒരാൾ മാത്രമായിരുന്നു മത്സരാർത്ഥി. ഇതുതന്നെയാണ് നങ്ങ്യാർ കൂത്തിന്റെയും സ്ഥിതി. ബ്യൂഗിൾ മുഴക്കാൻ ആരുമുണ്ടായില്ല. മത്സരവേദി ശൂന്യമായിരുന്നു. നങ്ങ്യാർകൂത്ത്, കേരളനടനം (ആൺകുട്ടികൾ), പഞ്ചവാദ്യം കൂടിയാട്ടം, യക്ഷഗാനം, വൃന്ദവാദ്യം, കന്നഡ പ്രസംഗം എന്നിവയിലും ഓരോരുത്തർ വീതവും മത്സരിച്ചു.
കഠിനപ്രയത്നം വയ്യേ....
കലോത്സവത്തിനായുള്ള കഠിനപ്രയത്നമാണ് വിദ്യാർത്ഥികളെ മത്സരരംഗത്ത് നിന്ന് മാറ്റി നിറുത്തുന്നത്. പരിശീലനത്തിന് ചെലവഴിക്കുന്ന വലിയ തുക മറ്റ് പലതിനുമായി ഇന്ന് മാറ്റി വയ്ക്കപ്പെടുന്നു. സംസ്ഥാനതലത്തിലെ എ ഗ്രേഡ് ഒഴിച്ചാൽ ഭാവിയിൽ കലയിലൂടെ ജീവിതം നെയ്തെടുക്കാൻ കഴിയില്ലെന്ന മിഥ്യാധാരണയിലൂടെയാണ് രക്ഷിതാക്കൾ കുട്ടികളെ നയിക്കുന്നത്. ഗ്രേസ് മാർക്കിനുവേണ്ടിയാണ് കുട്ടികളിൽ പലരും ഇപ്പോൾ വേദികളിലെത്തുന്നത്. കലാ താൽപര്യത്തോടെ ചെറുപ്രായത്തിലേ പ്രത്യേക ഇനങ്ങളിൽ പരിശീലനം നേടി വേദികളിൽ എത്തുന്നവരും ഉണ്ട്. സമീപകാലത്ത് പരിശീലനച്ചെലവ് അധികമാകുകയും ചെയ്തു. ഇത് കാരണമാണ് കുട്ടികൾ കൂടുതലും കലയിൽ നിന്ന് പിൻവാങ്ങാൻ കാരണം. മിമിക്രി, മോണോആക്ട് മത്സരങ്ങൾക്കുപോലും നല്ല തുക ചെലവഴിച്ചാണ് പലരും പരിശീലനം നേടുന്നത്. പരിശീലകരുടെ കുറവും പ്രശ്‌നമാകുന്നുണ്ട്.
ഒപ്പന, തിരുവാതിര , ഭരതനാട്യം, കേരളനടനം, സംഘനൃത്തം, കുച്ചിപ്പുടി ഇനങ്ങളിൽ മാത്രമാണ് മത്സരാർത്ഥികൾ കൂടുതൽ ഉണ്ടായിരുന്നത്. മത്സരാർത്ഥികൾ കുറഞ്ഞതോടെ മുൻ വർഷങ്ങളെ അപേക്ഷിച്ച് മത്സരങ്ങളുടെ ദൈർഘ്യവും പകുതിയായി മാറി.
നാടറിഞ്ഞില്ല കലയുടെ മേളം
ആറ് മുതൽ ഒൻപത് വരെയുള്ള തീയതികളിലായിരുന്നു ജില്ലാ കലോത്സവം അരങ്ങേറിയത്. മുൻ വർഷങ്ങളിൽ സമീപ സ്കൂൾ, കോളേജുകളിൽ നിന്ന് നിരവധി വിദ്യാർത്ഥികൾ കലോത്സവം കാണാൻ എത്തുമായിരുന്നു. രാത്രികൾ നീളുന്ന മത്സര കാഴ്ചകൾ ഉറക്കമൊഴിച്ച് കാണുന്ന കാണികളുണ്ടായിരുന്നു. പ്രായഭേദമന്യേ കലോത്സവ വേദികളിൽ ആളുകളെത്തിയിരുന്നയിടത്ത്, ഇപ്പോൾ അതത് ഉപജില്ലകളിൽ നിന്ന് മത്സരത്തിനായെത്തുന്ന വിദ്യാർത്ഥികളും അവരെ ചുറ്റിപ്പറ്റിയുള്ളവരും അദ്ധ്യാപകരും മാദ്ധ്യമങ്ങളും മാത്രമാണ് കലോത്സവ നഗരിയിലുള്ളത്. മാദ്ധ്യമങ്ങളിൽ വാർത്ത വരുന്നതിനേക്കാൾ റീൽസിൽ നിറയാനാണ് വിദ്യാർത്ഥികളിലേറെയും ആഗ്രഹിക്കുന്നത്. ജഡ്ജസും വിദ്യാർത്ഥികളും സംഘാടകരും മാത്രമുള്ള വേദികളുമുണ്ടായിരുന്നു.
കലോത്സവത്തിന്റെ നടത്തിപ്പിനും ഭക്ഷണത്തിനുമെല്ലാമായി വലിയൊരു തുക നീക്കി വയ്ക്കപ്പെടുന്നുണ്ട് അധികൃതർ. 25 ലക്ഷമാണ് പ്രാഥമിക കണക്കുകളിലുള്ളത്. ഡി.ഡി.ഇയുടെ നേതൃത്വത്തിൽ അദ്ധ്യാപകർക്കാണ് നടത്തിപ്പ് ചുമതല. അദ്ധ്യാപക സംഘടനകളാണ് കലോത്സവം ഏറ്റെടുത്ത് നടത്തുന്നത്. കലാ മത്സരങ്ങളേക്കാൾ കൂടുതൽ മത്സരങ്ങൾ സംഘടനകൾ തമ്മിലുള്ളതിനാൽ ചെറിയ വാക്കേറ്റങ്ങളും ബഹളങ്ങളും ഉണ്ടായെങ്കിലും എല്ലാം നിയന്ത്രണ വിധേയമായിരുന്നു.
മത്സരങ്ങൾ വിവിധ ദിവസങ്ങളിൽ
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കേരളനടനം എന്നീ ഇനങ്ങൾ ഒരു ദിവസമായിരുന്നു മുൻ വർഷങ്ങളിൽ. നൃത്തങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ആവശ്യമായ വസ്ത്രങ്ങളും ആഭരണങ്ങളും വാടകയ്ക്ക് എടുക്കുന്നതിനും കുട്ടികളെ ഒരുക്കുന്നതിനും ഒരു ദിവസത്തെ ചെലവുമാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് മൂന്ന് ദിവസങ്ങളിലായി നടന്നതിനാൽ കൂടുതൽ ദിവസങ്ങളിൽ മേക്കപ്പിനും വസ്ത്രങ്ങൾക്കും പണം കണ്ടെത്തേണ്ട സ്ഥിതിയായിരുന്നു. നൃത്ത വസ്ത്രങ്ങൾക്ക് 3000 മുതൽ 6000രൂപ വരെയാണ് ദിവസ വാടക. ആഭരണങ്ങളുടെ വാടക 4500 മുതലും. മേക്കപ്പ് മാനും ഒരു ദിവസം കുറഞ്ഞത് 3000 മുതലാണ് ഫീസ് നൽകേണ്ടത്. കൂടാതെ ദക്ഷിണയും മറ്റ് ചെലവുകളും വേറെ കണ്ടെത്തണം. ഇത്തരത്തിൽ ഒരു കുട്ടിയെ ഒരു ദിവസം മത്സരത്തിന് തയ്യാറാക്കമ്പോൾ മിനിമം 15000 രൂപ വരെയാണ് ചെലവ്. നൃത്തയിനങ്ങൾ മൂന്ന് ദിവസമായി നടക്കമ്പോൾ മൂന്ന് ഇനങ്ങളിൽ പങ്കെടുക്കുന്ന കുട്ടിക്ക് 45,000 രൂപ കുറഞ്ഞത് ചെലവ് വരും. ഇത് സാധാരണ കുടുംബങ്ങളിലെ കുട്ടികളുടെ കലാമോഹങ്ങൾക്ക് വിലങ്ങുതടിയാവുകയാണ്.
84 അപ്പീലുകൾ
ജില്ലാ സ്‌കൂൾ കലോത്സവ ഫലങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ളത് 84 അപ്പീലുകളാണ്. നൃത്ത മത്സരങ്ങളിലാണ് അപ്പീലുകളേറെയുള്ളത്. കഴിഞ്ഞവർഷങ്ങളെ അപേക്ഷിച്ച് അപ്പീലുകളുടെ എണ്ണം കൂടിയിട്ടുണ്ട്. 1500രൂപ കെട്ടിവച്ചാണ് അപ്പീൽ നൽകുന്നത്. ഡി.ഡി.ഇയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം അപ്പീലുകൾ പരിശോധിക്കും. ആക്ഷേപം ഉന്നയിച്ചിട്ടുള്ള ഇനങ്ങളുടെ വീഡിയോ റെക്കാർഡിംഗ് പരിശോധിച്ചാണ് തീർപ്പ് കല്പിക്കുന്നത്. അപ്പീലുകളിൽ കൂടി കയറി വന്ന് ഒന്നാം സ്ഥാനം നേടിയവരും അനവധിയാണ്.
കാവലിന് പൊലീസും,
രക്ഷയ്ക്ക് ഫയർഫോഴ്സും
തുടക്കം മുതലേ കലോത്സവ നഗരിയിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. വനിതാ പൊലീസടക്കമുള്ളവർ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ജഡ്ജസിനെ സ്വാധീനിക്കുന്നുവെന്നാരോപിച്ച് ഉന്തും തള്ളും ഉണ്ടായെങ്കിലും പൊലീസെത്തി സാഹചര്യം നിയന്ത്രണ വിധേയമാക്കി. കലാകാരൻമാരായ പൊലീസ് ഉദ്യോഗസ്ഥർ പഴയകാല ഓർമകൾ മാദ്ധ്യമങ്ങളുമായി പങ്കുവയ്ക്കുകയും ചെയ്തു.
കുഴഞ്ഞു വീണ വിദ്യാർത്ഥികൾക്ക് വേഗത്തിൽ ആംബുലൻസ് സൗകര്യവും കൃത്യമായ ഇടപെടലും നടത്തിയത് ഫയർഫോഴ്സ് സംവിധാനമാണ്.
സംസ്ഥാന കലോത്സവത്തിലേക്ക്
കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്കുള്ള ഒരുക്കത്തിലാണ് വിജയികളായ വിദ്യാർത്ഥികളിപ്പോൾ. ജില്ലയിലേക്ക് സംസ്ഥാന കലോത്സവം എത്തിയ്ക്കാൻ കലാസ്വാദകർ ശ്രമിക്കുന്നുണ്ടെങ്കിലും പങ്കാളിത്തവും ഗതാഗത സൗകര്യവും കാരണം പത്തനംതിട്ടയ്ക്ക് എല്ലായ്പ്പോഴും അവഗണനയാണുള്ളത്.