
റാന്നി : താലൂക്ക് ആശുപത്രിയിൽ എക്സറേ അസിസ്റ്റന്റ് തസ്തികയിൽ ജോലി ചെയ്യുന്ന രണ്ടുപേർക്ക് മെഡിക്കൽ അംഗീകൃത യോഗ്യതയില്ലെന്ന് ആരോഗ്യ വകുപ്പിന് പരാതി. പൊതുപ്രവർത്തകനാണ് പരാതി നൽകിയത്.
ആറ്റമിക് എനർജി റഗുലേറ്ററി ബോഡിയുടെ അംഗീകൃത യോഗ്യതയില്ലാത്തവരെ റേഡിയോളജി തസ്തികയിൽ നിയമിക്കാൻ പാടില്ലെന്ന ഉത്തരവ് കാറ്റിൽ പറത്തിയാണ് നിയമനം നടന്നിട്ടുള്ളത്. കേരള പാരാമെഡിക്കൽ കൗൺസിൽ അംഗീകാരം കിട്ടാത്ത കോഴ്സ് കഴിഞ്ഞ ആളുകളെയാണ് റാന്നി താലൂക്ക് ആശുപത്രിയിൽ താൽകാലികമായി നിയമിച്ചിരിക്കുന്നതെന്നാണ് പരാതി.
രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ഇവർ ജോലിയിൽ പ്രവേശിച്ചതെന്നും ആരോപണമുണ്ട്.
" പരാതി ലഭിച്ചിട്ടുണ്ട്. ജോലിയ്ക്കായി യോഗ്യതയില്ലാത്തവരെ എടുക്കാറില്ല. സംഭവത്തിന്റെ സത്യാവസ്ഥ പരിശോധിക്കും.
ആരോഗ്യ വകുപ്പ് അധികൃതർ