eb

പത്തനംതിട്ട : വാടക കെട്ടിടത്തിലേക്കുള്ള ജലവിതരണം ത‌ടസപ്പെട്ടതോടെ അൻപതിലേറെ ജീവനക്കാർ ജോലി ചെയ്യുന്ന രണ്ട് സർക്കാർ ഓഫീസുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായി. നഗരത്തിൽ കോളേജ് റോഡിന് സമീപത്തായി റീ സർവെ നമ്പർ 2, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഓഫീസുകളിൽ വെള്ളമില്ലാതെ ജീവനക്കാർ അനുഭവിക്കുന്ന ദുരിതം രൂക്ഷമാണ്. ശുചിമുറികളിൽ അടക്കം വെള്ളമില്ലാത്ത അവസ്ഥയാണ്. ഉച്ചഭക്ഷണത്തിന് ശേഷം കഴുകാൻ കുപ്പിവെള്ളം വാങ്ങേണ്ട ഗതികേടിലാണ് ജീവനക്കാർ. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള നാല് നില കെട്ടിടത്തിലാണ് ഓഫീസുകൾ പ്രവർത്തിക്കുന്നത്. നാലാം നിലയിൽ റീ സർവെ ഓഫീസും മൂന്നാം നിലയിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും. ഇവിടെ എട്ട് വനിതാ ജീവനക്കാരുണ്ട്. ഫീൽഡ് സർവെയർമാരായി പ്രവർത്തിക്കുന്ന പത്ത് വനിതകളും ഓഫീസിൽ നിരന്തരം എത്തുന്നവരാണ്. റീസർവെ ഓഫീസിലെത്തണമെങ്കിൽ 68 പടികൾ കയറണം. ശുചിമുറികളിലേക്ക് വെള്ളം ബക്കറ്റിൽ എത്തിക്കാൻ ഇതു തടസമാണ്. സമീപത്തെ കടകളിലെ ശുചിമുറിയാണ് ജീവനക്കാർ ഉപയോഗിക്കുന്നത്.

കാരണം പൈപ്പിലെ തകരാർ

കെട്ടിടം ഉടമയുടെ വീട്ടിലെ കിണറിൽ നിന്നാണ് വെള്ളം നാലുനില കെട്ടിടത്തിന്റെ മുകളിലെ ട‌ാങ്കിലേക്ക് മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്തിരുന്നത്. ഒരു മാസത്തിലേറെയായി വെള്ളം പമ്പു ചെയ്യുന്നില്ല. കെട്ടിടത്തിലെ ആവശ്യങ്ങൾക്കായി കുഴൽകിണർ സ്ഥാപിച്ചെങ്കിലും വെള്ളം എത്തിക്കാൻ മോട്ടോർ സ്ഥാപിച്ചില്ല. കെട്ടിടം ഉടമ വിദേശത്താണ്. നടത്തിപ്പിനായി മറ്റൊരാളെ ഏൽപ്പിച്ചിരിക്കുകയാണ്. വെള്ളം പമ്പ് ചെയ്ത് ടാങ്കിൽ കയറ്റാറുണ്ടെന്നും പൈപ്പ് ലൈനിലെ തകരാർ കാരണം ചോർച്ചയുണ്ടെന്നും ഇദ്ദേഹം പറയുന്നു.

'' ഒരു മാസത്തോളമായി ജലവിതരണം മുടങ്ങിയിട്ട്.

ഇത് പുനസ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം.

ജീവനക്കാർ.

നാലുനില കെട്ടിടത്തിലെ സർക്കാർ ഓഫീസുകളിലും

സ്വകാര്യ സ്ഥാപനങ്ങളിലുമായി 78 ജീവനക്കാർ