bridge-
നിർമ്മാണം നിലച്ചിരിക്കുന്നു റാന്നി പുതിയ പാലം

റാന്നി: നിർമ്മാണം മുടങ്ങി കിടക്കുന്ന റാന്നി പുതിയ പാലത്തിന്റെ തടസങ്ങളൊഴിയുന്നു. അപ്രോച്ച് റോഡിനായി ഏറ്റെടുക്കേണ്ട നിലം റോഡ് നിർമ്മാണത്തിനായി പരിവർത്തനം ചെയ്യുന്നതിനുള്ള അനുമതി ഉത്തരവ് ലഭിച്ചതായി അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ പറഞ്ഞു. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ റാന്നി വലിയ പാലത്തിന് സമാന്തരമായി പുതിയ പാലത്തിന്റെ നിർമ്മാണം നേരത്തെ ആരംഭിച്ചിരുന്നെങ്കിലും സ്ഥലമേറ്റെടുക്കൽ നടപടികൾ വൈകിയതോടെ നിർമ്മാണം ഇടയ്ക്കുവച്ച് മുടങ്ങിയത്. 26 കോടി രൂപ മുതൽമുടക്കി നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണച്ചുമതല കെ.ആർ.എഫ്.ബിക്കാണ്.അപ്രോച്ച് റോഡിനായി ഏറ്റെടുക്കേണ്ട ഭൂമിയുടെ ഡാറ്റാ ബാങ്ക് ഉൾപ്പെട്ട റാന്നി വില്ലേജിൽ ഉൾപ്പെട്ട വിവിധ സർവേ നമ്പറുകളിൽപെട്ട 22.11 ആർ സ്ഥലം നിലമാണ്. 2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വകുപ്പ് 8 പ്രകാരം രൂപീകരിച്ച സംസ്ഥാനതല സമിതി ഒക്ടോബർ മാസം കൂടിയ യോഗത്തിൽ പരിശോധിച്ച് സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് തരം മാറ്റലിന് അനുമതി നൽകിയിരിക്കുന്നത്.

പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി ലഭിക്കുന്നതോടെ നിർമ്മാണം

തണ്ണീർത്തട സംരക്ഷണ നിയമം വകുപ്പ് പ്രകാരം ഭൂമിയുടെ 10% ജല സംരക്ഷണത്തിനായി ഓട, കലുങ്ക് മുതലായവ നിർമ്മിക്കുന്നതിന് മാറ്റിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് ഭൂമി പരിവർത്തനത്തിനുള്ള അനുമതി നൽകിയിരിക്കുന്നത്. റോഡ് നിർമ്മാണം പൊതു ആവശ്യമാണെന്ന് കണ്ടതിനെ തുടർന്നാണ് ഭൂമി തരംതിരിവിനുള്ള അനുമതി ലഭിച്ചത്. ഇനി ഏറ്റെടുക്കുന്ന വസ്തുക്കളുടെ വില നിശ്ചയിക്കുന്ന മുറയ്ക്ക് പണം കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാനാകും. പാലത്തിന്റെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി ലഭിക്കുന്നതോടെ നിർമ്മാണം ടെൻഡർ ചെയ്യാനാകും.

....................................................

നിർമ്മാണച്ചെലവ് 26 കോടി