പത്തനംതിട്ട: നാട്ടിലെ വീരമൃത്യു വരിച്ച ജവാൻമാരുടെ ഒാർമ്മയ്ക്കായി കുളനട പഞ്ചായത്ത് സ്ഥാപിച്ച സ്മാരകശിലയിൽ കുളനട പനങ്ങാട് മുണ്ടുവേലിൽ കിഴക്കേതിൽ ഭാർഗവൻ രാഘവൻ പിള്ളയുടെ പേര് ചേർക്കാത്തതിൽ പ്രതിഷേധം. പരേതനായ പള്ളിക്കൽ രാഘവൻപിള്ളയുടെയും പരേതയായ ജാനകിയമ്മയുടെയും മകനാണ്. 1971 ലെ ഇൻഡോ പാക് യുദ്ധത്തിലാണ് 28കാരനായ ഭാർഗവൻ രാഘവൻ പിള്ള മരിച്ചത്. പാക് സൈന്യം കുഴിച്ചിട്ട ലാൻഡ് മൈൻ പൊട്ടി ശരീരം ഛിന്നഭിന്നമായിപ്പോയതിനാൽ ഭൗതികദേഹം ജന്മനാട്ടിലേക്ക് കൊണ്ടുവരാൻ അവശേഷിച്ചില്ല. അമർ ജവാന്മാരുടെ പേരിൽ സ്മാരകം ഒരുക്കണമെന്ന കേന്ദ്രസർക്കാരിന്റെ ഉത്തരവ് പ്രകാരമാണ് കുളനട പഞ്ചായത്തിൽ സ്മാരകശില നിർമ്മിച്ചത്.
കുളനട പഞ്ചായത്തിൽ നിന്ന് ആദ്യമായി യുദ്ധത്തിൽ കൊല്ലപ്പെട്ട ഭാർഗവൻ രാഘവൻ പിള്ളയുടെ പേര് വിട്ടുപോയത് കടുത്ത അവഗണനയാണെന്ന് അദ്ദേഹത്തിന്റെ സഹോദരി പുത്രനായ സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ്ജി ഉൾപ്പെടെയുള്ള ബന്ധുക്കൾ പറഞ്ഞു.