road-
തായില്ലത്ത്പടി-പള്ളത്തുപടി റോഡില്‍ പ്രതിഷേധസമരവുമായി നാട്ടുകാർ

ചെങ്ങന്നൂർ: നഗരസഭയുടെ അഞ്ചും ഏഴും വാർഡുകളിലൂടെ കടന്നുപോകുന്ന തായില്ലത്ത്പടി പള്ളത്തുപടി റോഡിൽ യാത്രാദുരിതം രൂക്ഷം. വർഷങ്ങളായി തകർന്ന് കിടന്ന റോഡിൽ ടാറിംഗ് ജോലികൾ ആരംഭിച്ചപ്പോൾ ആശ്വാസമായികണ്ട നാട്ടുകാർ ഇപ്പോൾ മെറ്റിൽ നിരത്തൽ കാരണം കൂടുതൽ ദുരിതത്തിലായിരിക്കുകയാണ്. മംഗലം ഇടനാട് വരട്ടാറിന് കുറുകെയുള്ള കൈപ്പാലക്കടവ് പാലത്തിന്റെ പ്രധാന അപ്രോച്ച് റോഡിൽ നിന്ന് പുതുകുളങ്ങര ചപ്പാത്ത് വരെയുള്ള റോഡിനാണ് ഈ ദുരവസ്ഥ. ഒരുകിലോമീറ്റർ നീളമുള്ളതാണ് റോഡ്. എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച തുകയിൽ നിന്നാണ് നാലുമാസം മുമ്പ് മെറ്റൽ നിരത്തിയത്. 2012ൽ പി.ജെ കുര്യന്റെ എം.പി ഫണ്ട് ഉപയോഗിച്ച് റോഡ് ടാർ ചെയ്തിരുന്നു. അതിന് ശേഷം 2018ലെ വെള്ളപ്പൊക്കത്തോടെ റോഡ് തകർന്ന് തരിപ്പണമായി. എഴുപതോളം കുടുംബങ്ങളാണ് ഈ ഭാഗത്ത് താമസിക്കുന്നത്. സ്വന്തമായി വാഹനങ്ങളില്ലാത്തവർ നടന്നും ഓട്ടോ വിളിച്ചുമാണ് സഞ്ചരിക്കേണ്ടത്. ഈ റോഡ് സ്‌കൂൾ കുട്ടികൾക്ക് പേടിസ്വപ്‌നമായിട്ടുണ്ട്. ഇതുവഴിയുള്ള സ്‌കൂൾ വണ്ടികളും വരാതായി. റോഡിൽ മെറ്റിൽ നിരത്തിയതോടെ ആശുപത്രിയിലേക്ക് പോകാൻ പോലും വാഹനങ്ങൾ വരുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

പ്രതിഷേധവുമായി നാട്ടുകാർ

നഗരസഭയുടെ വാഴാർമംഗലം വാർഡും മംഗലം നോർത്ത് വാർഡും അടങ്ങുന്നതാണ് റോഡ്. യാത്രാദുരിതത്തിൽ സഹികെട്ട നാട്ടുകാർ ഞായറാഴ്ച പ്രതിഷേധസമരവുമായി രംഗത്തെത്തി. സ്‌കൂൾ കുട്ടികളും ഇതിൽ അണിചേർന്നു.

............................................

കരാറുകാരന്റെ അനാസ്ഥയാണ് പണികൾ വൈകാൻ കാരണം. മെറ്റിൽ നിരത്തി രണ്ടുമാസം പിന്നിട്ടിട്ടും പണി ആരംഭിക്കാത്തതിനെ തുടർന്ന് കരാറുകാരനുമായി പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുക്കാൻ തയാറാകുന്നില്ല.

ലതിക രഘു

(7ാം വാർഡ് കൗൺസിലർ)

മെറ്റിൽ നിരത്തിയിട്ട് 4 മാസം

..............................................

പ്രദേശത്ത് 70 കുടുംബങ്ങൾ