റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയും മണ്ണാറകുളഞ്ഞി -ഇലവുങ്കൽ ശബരിമല പാതയും ഒന്നിക്കുന്ന മണ്ണാറകുളഞ്ഞി ആശുപത്രിപ്പടിയിൽ വാഹനങ്ങൾ റോഡിന്റെ ഗതിയറിയാതെ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു. ഒരാഴ്ച മുമ്പുണ്ടായ അപകടത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായി. ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികനായ വടശേരിക്കര പേഴുംപാറ സ്വദേശി വർഗീസാണ് (67) മരിച്ചത്. വടശേരിക്കരയിൽ നിന്ന് പത്തനംതിട്ടയിലേക്ക് വന്ന വർഗീസിന്റെ സ്‌കൂട്ടറിൽ ഇതേ ദിശയിൽ വന്ന തമിഴ്നാട്ടിൽ നിന്ന് വന്ന ലോറി മറികടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. അപകടത്തിൽ വർഗീസ് സംഭവ സ്ഥലത്തു തന്നെ മരിച്ചു.
രക്ഷപ്പെടുന്നത് തലനാരിഴയ്ക്ക്
സംസ്ഥാന പാത ടാറിംഗ് പൂർത്തിയായതോടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. എന്നാൽ പലർക്കും ഇവിടെ ഒളിഞ്ഞിരിക്കുന്ന അപകടക്കെണി അറിയുന്നില്ല. ഉന്നത നിലവാരത്തിൽ പണികൾ പൂർത്തിയായ റോഡിലൂടെ സ്പീഡിൽ വരുന്ന വാഹനം പൊടുന്നനെ മണ്ണാറക്കുളഞ്ഞി ഇലവുങ്കൽ പാതയിലേക്ക് തിരിയുമ്പോൾ എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്കും ഒപ്പം പുറകെ വരുന്ന വാഹനങ്ങളും കൂട്ടിയിടിക്കാൻ സാദ്ധ്യത ഏറെയാണ്. ഈ ഭാഗങ്ങളിൽ സ്പീഡ് നിയന്ത്രിച്ചു വാഹനങ്ങൾ കൃത്യമായി കടന്നു പോകാൻ തക്കവണ്ണം സജ്ജീകരണങ്ങൾ ഒരുക്കേണ്ടത് അത്യാവശ്യമാണ്.
ഗാർഡുകളോ പൊലീസോ ഇല്ല
കഴിഞ്ഞ ദിവസം അപകടം നടക്കുന്ന സമയത്ത് ഇവിടെ ഗാർഡുകളോ പൊലീസോ റോഡ് സുരക്ഷയുടെ ഭാഗമായി ഉണ്ടായിരുന്നില്ല. ഒരാളുടെ ജീവനെടുത്ത അപകടത്തിന് ശേഷം മാത്രമാണ് അധികൃതരുടെ കണ്ണ് തുറന്നതും നിലവിൽ പൊലീസിനെ ഉൾപ്പടെ നിയോഗിച്ചതും.
..............................................
പത്തനംതിട്ട അബാൻ ജംഗ്ഷനിൽ പണികഴിപ്പിക്കുന്നതു പോലുള്ള ഫ്ലൈ ഓവർ വരേണ്ടിയിരുന്നത് മണ്ണാറക്കുളഞ്ഞിയിലായിരുന്നു. ശബരിമല തീർത്ഥാടനകാലത്ത് ഇത്രയധികം വാഹനങ്ങൾ കടന്നുപോകുന്ന വഴിയിൽ സിഗ്നൽ സംവിധാനം കൊണ്ടുവന്നാലും അപകടം നിയന്ത്രിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ഇവിടെ അപകടം പതിയിരിക്കുന്ന വിവരം മുമ്പും അധികൃതരെ പലരീതിയിൽ അറിയിച്ചിട്ടുള്ളതാണ്. പക്ഷേ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
സജു തോട്ടുങ്കൽ
(സ്ഥിരം യാത്രക്കാരൻ, സാമൂഹിക പ്രവർത്തകൻ )