
പത്തനംതിട്ട : ജില്ലയിൽ പലഭാഗങ്ങളിലും പകർച്ചപ്പനി റിപ്പോർട്ടു ചെയ്യുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതകുമാരി അറിയിച്ചു. പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനമാണ് പകർച്ചപ്പനി വ്യാപകമാവുന്നതിന് സാഹചര്യമൊരുക്കുന്നത്. ജലദോഷപ്പനി, ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കൊപ്പം കൊവിഡ് കേസുകളും ജില്ലയിൽ റിപ്പോർട്ടു ചെയ്യുന്നുണ്ട്. അഞ്ചോ ആറോ ദിവസം നീണ്ടു നിൽക്കുന്ന പനി, ജലദോഷം, വിട്ടുമാറാത്തചുമ, തൊണ്ടവേദന, തലവേദന എന്നിവ സാധാരണയായി കാണുന്ന രോഗലക്ഷണങ്ങളാണ്. പനി പലവിധമുള്ളതിനാൽ സ്വയംചികിത്സ ഒഴിവാക്കുകയും ഡോക്ടറെ കാണാതെ മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്നു വാങ്ങി കഴിക്കുന്നത് ഒഴിവാക്കുകയും വേണം. കൃത്യമായ രോഗനിർണയത്തിനായി അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സ തേടണം.