ശബരിമല: തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഇന്നലെ പൊലീസ് കർശന നടപടികൾ തുടങ്ങി. പത്തനംതിട്ട, എരുമേലി ഭാഗങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങളെ ഇലവുങ്കലിൽ നിയന്ത്രിച്ചാണ് പമ്പയിലേക്ക് കടത്തിവിടുന്നത്. കാനന പാതയിൽ ഓരോകേന്ദ്രങ്ങളിലായി ഭക്തരെ നിയന്ത്രിച്ച് സന്നിധാനത്തെ തിരക്ക് ഒഴിയുന്നതിന് അനുസരിച്ചാണ് മലകയറാൻ അനുവദിക്കുന്നത്.

ഒരു മിനിറ്റിൽ 80 മുതൽ 85 പേരെ വരെയാണ് പതിനെട്ടാം പടിയിലൂടെ കയറ്റിവിട്ടത്. നടപ്പന്തലിൽ മാളികപ്പുറങ്ങളെയും ഭിന്നശേഷിക്കാരെയും പ്രത്യേക നടപ്പാതയിലൂടെ കടത്തിവിടുന്നത് കർശനമാക്കി. സുരക്ഷാ ക്രമീകരണങ്ങൾക്കായി 1950 പൊലീസുകാരാണുള്ളത്. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെയും എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെയും നേതൃത്വത്തിൽ റവന്യൂ സ്‌ക്വാഡിനെ ചുമതലപ്പെടുത്തി.

അവധി ദിവസങ്ങൾ കഴിഞ്ഞതിനാൽ ഇന്നലെ തിരക്ക് കുറഞ്ഞെങ്കിലും ളാഹ മുതൽ വാഹനങ്ങൾക്ക് ഏറെ നേരെ വഴിയിൽ കിടക്കേണ്ടിവന്നു. കെ.എസ്.ആർ.ടി.സിയുടെ നിലയ്ക്കൽ - പമ്പ ചെയിൻ സർവ്വീസിനെയും നിയന്ത്രണം ബാധിച്ചു.

സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കാൻ പരിചയസമ്പന്നരായ ഉന്നത ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും കുറവാണ് കഴിഞ്ഞ

ദിവസങ്ങളിലെ ബുദ്ധിമുട്ടിന് കാരണമെന്ന് പറയുന്നു. പുതിയ പൊലീസുകാരാണ് കൂടുതലും. പരിചയ സമ്പന്നരെ നവകേരള സദസിന്റെ സുരക്ഷാ ചുമതലകളിലേക്ക് മാറ്റിയെന്നും പരാതിയുണ്ട്.

ദർശനം നടത്തിയത്

15.82 ലക്ഷം തീർത്ഥാടകർ


നട തുറന്ന് 25 ദിവസം പിന്നിടുമ്പോൾ ഇതുവരെ 15,82,536 ലക്ഷം ഭക്തർ ദർശനം നടത്തിയെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. വെർച്ച്വൽ ക്യൂ വഴി 43,595 തീർത്ഥാടകരാണ് ഇന്നലെ എത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ 90,000 തീർത്ഥാടകർ വരെ വെർച്ച്വൽ ക്യൂ വഴി വന്നിരുന്നു. തിരക്ക് കൂടിയതോടെ കോടതി ഇടപെട്ട് 80,000 വരെയാക്കി കുറച്ചിരുന്നു. ഇന്നലെ തീർത്ഥാടകരുടെ എണ്ണം പകുതിയോളമായി കുറഞ്ഞു.