d
ചന്ദ്രാനന്ദൻ റോഡിലേക്ക് ബന്ധിപ്പിച്ചിരിക്കുന്ന ബെയ്ലി പാലത്തിലേക്കുള്ള വഴിയിൽ വിശ്രമിക്കുന്ന തീർത്ഥാടകർ

പത്തനംതിട്ട : സന്നിധാനത്തും പരിസരത്തും തീർത്ഥാടകർ തിങ്ങിഞെരുങ്ങുമ്പോൾ ,ദർശനം നടത്തിയവർക്ക് തിരക്കില്ലാതെ മടങ്ങാൻ നിർമ്മിച്ച ബെയ്‌ലി പാലം ഒഴിഞ്ഞു കിടക്കുന്നു. മാളികപ്പുറത്തിന് പിന്നിലൂടെ തീർത്ഥാടകരെ തിരിച്ചു വിടാൻ പട്ടാളം നിർമ്മിച്ചതാണ് ബെയ്‌ലി പാലം . തിരക്കേറുമ്പോൾ ഭക്തർക്ക് ഇതുവഴി മടങ്ങാമെന്ന് ദേവസ്വം ബോർഡ് മൈക്ക് അനൗൺസ്മെന്റ് നടത്താറുണ്ടായിരുന്നു. പൊലീസ് - ബോർഡ് ഏകോപനത്തിലെ വീഴ്ച കാരണം ഇത്തവണ അതുണ്ടായില്ല. ബെയ്ലി പാലത്തിലൂടെ തീർത്ഥാടകരെ കൂട്ടത്തോടെ കടത്തിവിടാനാവില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കോൺക്രീറ്റ് പടികളും കെെവരികളുമാണ് ബെയ്ലി പാലത്തിൽ ഭൂരിഭാഗവും. ഇടയ്ക്ക് ഇരുമ്പ് തകിട് പാലമായി ഉപയോഗിച്ചിട്ടുണ്ട്. ഭക്തർ കൂട്ടമായി എത്തുമ്പോൾ ഇരുമ്പ് തകിട് കുലുങ്ങുന്നത് ബലക്ഷയമുണ്ടാക്കുമെന്ന് സാങ്കേതിക വിദഗ്ദ്ധർ റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്ന് പാലം വഴി മടങ്ങുന്നതിനെക്കുറിച്ച് ദേവസ്വം ബോർഡ് അറിയിപ്പ് നൽകുന്നില്ല.

ബെയ്ലി പാലത്തിന് പകരം പുതിയ പാലത്തിന് ദേവസ്വം ബോർഡ് പദ്ധതി തയ്യാറാക്കിയെങ്കിലും നടപ്പാക്കാൻ നടപടിയുണ്ടായില്ല. ബെയ്ലി പാലത്തിലൂടെ തീർത്ഥാടകർ സഞ്ചരിക്കുന്നതിന് നിലവിൽ വിലക്കില്ല. പാലത്തെപ്പറ്റി അറിയാവുന്നവർ ഇതു വഴി മടങ്ങുന്നുണ്ട്.