ശബരിമല: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ വാഹനങ്ങൾ വനമേഖലയിലുൾപ്പടെ മണിക്കൂറുകളോളം തടഞ്ഞിട്ടത് മൂലം തീർത്ഥാടകർ വലഞ്ഞു. ഇന്നലെ രാവിലെ മുതൽ ഇലവുങ്കൽ മുതൽ കോട്ടയം റൂട്ടിൽ തുലാപ്പള്ളിവരെയും പത്തനംതിട്ട റൂട്ടിൽ പ്ലാപ്പള്ളി വരെയുമാണ് വാഹനങ്ങൾ തടഞ്ഞിട്ടത്.
വാഹനത്തിനുള്ളിലിരുന്ന് കുടിവെള്ളം പോലും ലഭിക്കാതെ കൊടുംചൂടിൽ തീർത്ഥാടകർ ബുദ്ധിമുട്ടി. മണിക്കൂറുകൾ കാത്തുകിടന്ന ശേഷമാണ് ഇലവുങ്കലിൽ നിന്ന് നിശ്ചിത എണ്ണം വാഹനങ്ങൾ നിലയ്ക്കലിലേക്ക് കടത്തി വിട്ടത്. നിലയ്ക്കൽ ബേസ് ക്യാമ്പിലെത്തുന്ന തീർത്ഥാടകർക്ക് കെ.എസ്.ആർ.ടി.സിയും മതിയായ യാത്രാ സൗകര്യം ഒരുക്കിയില്ല. പമ്പയിലേക്കുള്ള ബസിൽ കയറാൻ തീർത്ഥാടകർ തിക്കിത്തിരക്കി. പലർക്കും വീണ് പരിക്കേറ്റു. ആയിരക്കണക്കിന് തീർത്ഥാടകർ കാത്തുനിൽക്കുമ്പോഴും 10 മിനിറ്റിൽ ഒരു ബസു മാത്രമാണ് പമ്പയ്ക്ക് സർവ്വീസ് നടത്തിയത്. തീർത്ഥാടകരുടെ പ്രതിഷേധത്തെ തുടർന്ന് പിന്നീട് 10 മിനിറ്രിൽ രണ്ട് ബസുകൾ സർവീസ് നടത്തി.
യുവമോർച്ച
മാർച്ചിൽ സംഘർഷം
അയ്യപ്പഭക്തന്മാരോട് ഗുരുതരമായ അനാസ്ഥയാണ് സംസ്ഥാന സർക്കാർ കാട്ടുന്നതെന്ന് ആരോപിച്ച് യുവമോർച്ച പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലയ്ക്കൽ ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രധാന ഗേറ്റിൽ മാർച്ച് തടഞ്ഞ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചതും സംഘർഷത്തിനിടയാക്കി. ബലപ്രയോഗത്തിൽ സംസ്ഥാന സെക്രട്ടറി ജി. ശ്യാം കൃഷ്ണൻ, ജില്ല പ്രസിഡന്റ് നിതിൻ ശിവ തുടങ്ങിയവർക്ക് പരിക്കേറ്റു. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ ദേവസ്വം ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. സംസ്ഥാന സെക്രട്ടറി ജി ശ്യാം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് നിതിൻ ശിവ അദ്ധ്യക്ഷത വഹിച്ചു.