pan

പത്തനംതിട്ട: ആറ്റുനോറ്റെത്തിയ തീർത്ഥാടകർക്ക് ശബരിമല ദർശനം നടത്താൻ കഴിയാതെ മടങ്ങിപ്പോകേണ്ട സ്ഥിതിയായി. നിലയ്ക്കലിൽനിന്ന് പമ്പയിലെത്താൻ ബസുകൾ തടഞ്ഞ് ചില്ളുകൾ തകർത്തുവരെ ഭക്തർ കയറിക്കൂടി .

സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ദുരിതമായി മാറി.

ഇതോടെ, നട അടച്ചിടുമ്പോഴും പതിനെട്ടാംപടിയിലൂടെ ഭക്തരെ കയറ്റിവിട്ടു. ഇനി 23 മണിക്കൂറും പടി ചവിട്ടാം.പടിപൂജയ്ക്കും വൃത്തിയാക്കലിനുമുള്ള ഒരു മണിക്കൂർ മാത്രമേ വിലക്ക് ഉണ്ടാവൂ.

മൂന്ന് പൊലീസ് ഓഫീസർമാരെയും മാറ്റി.

വാഹനങ്ങൾ കടകളും പാർക്കിംഗ് സൗകര്യവുമുള്ള സ്ഥലങ്ങളിൽ മാത്രമേ തടയൂ.

ക്രമീകരണങ്ങളിൽ വീഴ്ച സംഭവിച്ചതായി തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് സമ്മതിച്ചു. നിലയ്ക്കൽ, പമ്പ, അപ്പാച്ചിമേട്, നീലിമല എന്നിവിടങ്ങളിൽ കാത്തുനിന്നവർ നിയന്ത്രണങ്ങൾ മറികടന്ന് നീങ്ങി. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് മിക്കവരും നടന്നുപോയി.

നിലയ്ക്കലിൽ സ്ത്രീകളും കുട്ടികളുമടക്കം മണിക്കൂറുകളാേളം പൊരിവെയിലത്ത് നിൽക്കേണ്ടിവന്നു. കെ.എസ്.ആർ.ടി.സി ബസുകൾ കുറച്ചതോടെയാണ് കിട്ടിയ ബസിന്റെ ചില്ലുകൾ തകർത്ത് കയറിയത്. ഉറ്റവരെ കാണാതെ കുട്ടികൾ നിലവിളിച്ചു.നിലയ്ക്കൽ, ഇലവുങ്കൽ, കണമല ഭാഗങ്ങളിൽ കുടുങ്ങിയവർ വെള്ളവും ഭക്ഷണവുമില്ലാതെ വലഞ്ഞു.

നെയ്യഭിഷേകം പന്തളത്ത്

നടത്തി അവർ മടങ്ങി

പത്തനംതിട്ട:തമിഴ്നാട്, കർണ്ണാടക, തെലുങ്കാന, ആന്ധ്രാ എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് തീർത്ഥാടകരാണ് പന്തളത്ത്എത്തിയത്. ഇരുമുടിക്കെട്ടഴിച്ച് നെയ് ത്തേങ്ങാ ഉടച്ച് വിഗ്രഹത്തിൽ അഭിഷേകം നടത്തി. വഴിപാട് സാധനങ്ങൾ തിരുമുമ്പിൽ സമർപ്പിച്ചു. നാളികേരം തിരുമുറ്റത്തെ അഗ്നികുണ്ഡത്തിൽ നിക്ഷേപിച്ചു.

എരുമേലിയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ നിലയ്ക്കലിലെത്താൻ ആറ് മണിക്കൂർ വേണ്ടിവന്നതായി ചെന്നൈ സ്വദേശി വിജയ ഭാസ്ക്ക‌ർ പറഞ്ഞു. വൈകിട്ട് 4ന് ബസിൽ കയറിയെങ്കിലും വനത്തിലുൾപ്പടെ മണിക്കൂറുകൾ തടഞ്ഞിട്ടു. രാത്രി 10ന് നിലയ്ക്കലിൽ എത്തിയെങ്കിലും പുലർച്ചെ 5നും പമ്പയിലേക്ക് പോകാൻ ബസ് ലഭിച്ചില്ല. രാത്രിമഴയിൽ കയറിനിൽക്കാൻ ഇടമില്ലാതെ വലഞ്ഞു. വിശ്രമിക്കാനോ വിരിവയ്ക്കാനോ സൗകര്യം ഇല്ലായിരുന്നു. പൊലീസ് മോശമാണ് പെരുമാറിയത്. തുടർന്ന് സന്നിധാനത്തേക്ക് പോകാതെ മടങ്ങുകയായിരുന്നു.

അമ്പത് ബസിനു പകരം

പതിനഞ്ച് ബസുകൾ

@ നേരത്തെ ഒരു മണിക്കൂറിൽ 50 ബസുകൾ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് വിട്ടിരുന്നു. പമ്പയിലെ തിരക്ക് കൂടിയതോടെ ഒരു മണിക്കൂറിൽ 15 ആയി കുറച്ചു.

പ്ളാപ്പാളളി മുതൽ നിലയ്ക്കൽ വരെ ഏഴ് കിലോമീറ്റർ വാഹനങ്ങൾ കുടുങ്ങി.

വാഹനങ്ങളിലും ഭക്ഷണം

എത്തിക്കണം:ഹൈക്കോടതി

കൊച്ചി: നിലയ്ക്കലിൽ വാഹനങ്ങളുടെ നീക്കം ഹോൾഡ് ആൻഡ് റിലീസ് (നിശ്ചിതസമയം പിടിച്ചിട്ടശേഷം പോകാൻ അനുവദിക്കൽ) സംവിധാനത്തിലൂടെ നിയന്ത്രിക്കണമെന്ന് ഹൈക്കോടതി. ഇടത്താവളങ്ങളിലും ഇത്തരം നിയന്ത്രണമാകാം. അവിടെയും അന്നദാനവും മറ്റുസൗകര്യങ്ങളും ഉറപ്പാക്കണം

നിലയ്ക്കൽ - ളാഹ മേഖലയിൽ മോട്ടോർ വാഹന വകുപ്പും ദേവസ്വവും പട്രോളിംഗ് നടത്തി വാഹനങ്ങളിൽ കുടുങ്ങുന്നവർക്ക് കുടിവെള്ളവും ബിസ്‌കറ്റും എത്തിക്കാൻ നടപടി സ്വീകരിക്കണം.

# മൂന്ന് എസ്.പിമാർക്ക് മാറ്റം

തിരുവനന്തപുരം: സന്നിധാനത്ത് ചുമതലയുണ്ടായിരുന്ന എസ്.പി കെ.വി സന്തോഷിന് പകരം കൊച്ചി സിറ്റി ഡി.സി.പി കെ.എസ് സുദർശനെ നിയമിച്ചു. പമ്പയിൽ അരവിന്ദ് സുകുമാറിന് പകരം തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി എസ്.മധുസൂദനനെ നിയമിച്ചു. നിലയ്ക്കലിൽ എൽ.സാലോമോന് പകരം കെ.വി സന്തോഷിനെ നിയമിച്ചു.