
നവകേരളാ സദസ് ജില്ലയിൽ 16,17 തീയതികളിൽ നടക്കുകയാണ്. അഞ്ചു മണ്ഡലങ്ങളിലായി രണ്ടുദിവസം ജനകീയ മന്ത്രി സഭ ഒത്തുചേരുമ്പോൾ ജില്ലയ്ക്ക് പറയാൻ ഒരുപിടി കാര്യങ്ങളുണ്ട്. ആവശ്യങ്ങൾക്കൊപ്പം വിമർശനങ്ങളും തെറ്റും ശരിയും ചൂണ്ടിക്കാട്ടാൻ ഒരുങ്ങുന്ന സദസിലേക്ക് എത്താൻ ജില്ലയുടെ മനസ് തയ്യാറായിക്കഴിഞ്ഞു. ശബരിമലയിലെ പ്രശ്നങ്ങൾ മുതൽ പാതിവഴിയിൽ നിലച്ചുപോയ വികസന പദ്ധതികൾ വരെ ആവലാതികളുടെ നിരനീണ്ടതാണ്. ഒട്ടേറ പദ്ധതികളാണ് ജില്ലയിൽ പാതിവഴിയിൽ മുടങ്ങി കിടക്കുന്നത്. വിവിധ മണ്ഡലങ്ങളിലെ ഇത്തരം പദ്ധതികളിലൂടെ ഒരു ഒാർമ്മ സഞ്ചാരം നടത്തുകയാണിവിടെ, സദസ് അറിയാൻ....
നദിയിൽ കുടുങ്ങി കോഴഞ്ചേരി പാലം
കോഴഞ്ചേരി : ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് പുതിയ നിർമ്മാണ കരാർ നൽകിയെങ്കിലും കോഴഞ്ചേരിയിലെ പുതിയ പാലം പണി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. തോട്ടപ്പുഴശ്ശേരി, കോഴഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ആരംഭിച്ച പാലം നിർമ്മാണം തുടങ്ങിയിട്ട് അഞ്ച് വർഷമായി . കോഴഞ്ചേരിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായ പാലം ഇപ്പോഴും ആദ്യഘട്ടം പോലും പിന്നിട്ടിട്ടില്ല. സ്ഥലം ഏറ്റെടുപ്പ് വൈകുന്നതിനാൽ നിർമ്മാണം നീളുന്നുവെന്നായിരുന്നു അധികൃതർ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ വസ്തു ഉടമകൾക്ക് ഫെബ്രുവരിയിൽ തുക കൈമാറിയെന്ന് സ്ഥലം എം.എൽ.എ അറിയിച്ചതോടെ വീണ്ടും പ്രതീക്ഷകളായി. 2018ൽ ആരംഭിച്ച കോഴഞ്ചേരി പാലം നിർമ്മാണം 2021ൽ പൂർത്തിയാക്കുമെന്നായിരുന്നു കരാർ. ഫണ്ടിനെ ചൊല്ലിയുള്ള തർക്കത്തിൽ ആദ്യ കരാറുകാരൻ ഇടയ്ക്ക് പണി ഉപേക്ഷിച്ചു. പിന്നീട് രണ്ടുതവണ ടെൻഡർ നടത്തിയെങ്കിലും കരാറുകാർ എത്തിയില്ല. വീണ്ടും നാലാമത് ടെൻഡർ ചെയ്തപ്പോഴാണ് ഊരാളുങ്കൽ സൊസൈറ്റി പണി ഏറ്റെടുത്തത്.
അപ്രോച്ച് റോഡുകൾ
കോഴഞ്ചേരി ഭാഗത്ത് 90 മീറ്ററും നെടുംപ്രയാർ ഭാഗത്ത് 344 മീറ്ററും നീളത്തിൽ അപ്രോച്ച് റോഡുകൾ നിർമ്മിക്കും.
നിർമ്മാണ ചെലവ് : 20.58 കോടി രൂപ
നീളം : 207.2 മീറ്റർ, വീതി : 12 മീറ്റർ
ജയിൽ ഇല്ലാത്ത ജില്ല
പത്തനംതിട്ട : കഴിഞ്ഞ അഞ്ചുവർഷമായി ജില്ലയിൽ ജയിൽ പ്രവർത്തിക്കുന്നില്ല. നവീകരണത്തിനായി 2018 ആഗസ്റ്റിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിനായി ജയിൽ കെട്ടിടം പൊളിക്കുകയായിരുന്നു. എന്നാൽ മൂന്നുഘട്ടങ്ങളിലായി നിർമ്മാണം ആരംഭിച്ച കെട്ടിടത്തിന്റെ ഒന്നാംഘട്ടം മാത്രം പൂർത്തിയായി. ജില്ലയിൽ നിന്നുള്ള പ്രതികളെയും ജയിപ്പുള്ളികളേയും മാവേലിക്കര, കൊല്ലം, കൊട്ടാരക്കര, തിരുവനന്തപുരം ജയിലുകളിലേക്ക് അയയ്ക്കുകയാണിപ്പോൾ. പൊലീസ് , ഫോറസ്റ്റ്, എക്സൈസ് തുടങ്ങി വിവിധ വിഭാഗങ്ങളിൽ നിന്ന് വിവിധ കേസിൽ പ്രതിയായി റിമാൻഡിലാകുന്നവർ ഇതിൽപ്പെടും. പതിമൂന്ന് കോടതികളിൽ നിന്നുള്ള റിമാൻഡ് പ്രതികളെയും മറ്റുജില്ലകളിലേക്ക് അയയ്ക്കുകയാണിപ്പോൾ.
ജില്ലാ സ്റ്റേഡിയം : കബളിപ്പിക്കുകയാണോ?
പത്തനംതിട്ട : നിരവധി സംസ്ഥാനതല ചാമ്പ്യൻഷിപ്പുകൾക്ക് വേദിയായ പത്തനംതിട്ട ജില്ലാ സ്റ്റേഡിയം അന്താരാഷ്ട്ര സ്റ്റേഡിയമായി ഉയർത്താനുള്ള ശ്രമം ഇതുവരെ ഫലം കണ്ടില്ല. 17ന് പത്തനംതിട്ടയിൽ നടക്കുന്ന ആറൻമുള മണ്ഡലംതല നവകേരള സദസിന്റെ വേദിയും സ്റ്റേഡിയമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് സ്റ്റേഡിയം വികസനത്തിനായി 50 കോടി രൂപ കിഫ്ബി മുഖേന അനുവദിച്ചത്. സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം, നിയന്ത്രണം ഇവയെ സംബന്ധിച്ച് നഗരസഭയുമായുണ്ടായ തർക്കം കാരണം നടപടികൾ തടസപ്പെട്ടു.