
ശബരിമല : അയ്യപ്പന്റെ പൂങ്കാവനമെന്ന് അറിയപ്പെടുന്ന ശബരിമല പ്ലാസ്റ്റിക് നിരോധിത മേഖലയാണെങ്കിലും ദിവസവും 50 ലോഡ് വരെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇവിടെ നിന്ന് ശേഖരിച്ച് നശിപ്പിക്കുന്നത്. മഞ്ഞൾപ്പൊടി,കർപ്പൂരം,സാമ്പ്രാണി, അവൽ, മലർ, കൽക്കണ്ടം, ശർക്കര ഉൾപ്പെടെയുള്ള പൂജാസാധനങ്ങളും ഭക്ഷ്യവസ്തുക്കളുമെല്ലാം ഇപ്പോഴും ഭക്തർ കൊണ്ടുവരുന്നത് പ്ലാസ്റ്റിക് കവറുകളിലാണ്. ഇതുകൂടാതെ വലിച്ചെറിയുന്ന കുപ്പികളും സഞ്ചികളും തുണികളുമെല്ലാം ശബരിമലയെ മലിനമാക്കുന്നു. സന്നിധാനത്ത് മാളികപ്പുറത്തിനും നാഗക്ഷേത്രങ്ങൾക്കും സമീപമാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഏറെയും. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്തരാണ് കൂടുതലായും പ്ലാസ്റ്റിക് കവറുകളിലെ സാധനങ്ങൾ കെട്ടിൽ കൊണ്ടുവരുന്നത്. ക്ഷേത്രത്തിന്റെ പരിസരങ്ങളിലും ശരംകുത്തി, മരക്കൂട്ടം, ശബരിപീഠം എന്നിവിടങ്ങളിലും മറ്റും ഭക്തർ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ വിശുദ്ധിസേനാംഗങ്ങൾ ശേഖരിച്ച് മാളികപ്പുറത്തിന് സമീപം സൂക്ഷിക്കുന്നു. ഇതിൽ പൊട്ടിക്കാത്ത പായ്ക്കറ്റുകൾ ഉൾപ്പെടെയുണ്ട്. ഇവയെ തരംതിരിച്ച് ഉപയോഗിക്കാവുന്നവ മാറ്റിയെടുക്കും. ബാക്കിയുള്ളവ ട്രാക്ടറുകളിൽ ശേഖരിച്ച് രണ്ട് ഇൻസിനറേറ്ററുകൾ തുടർച്ചയായി പ്രവർത്തിപ്പിച്ചാണ് കത്തിച്ചുകളയുന്നത്. രാപകൽ രണ്ട് ഷിഫ്റ്റിൽ വിശുദ്ധി സേനാംഗങ്ങൾ ഇവിടെ ജോലിയെടുക്കുന്നു. സന്നിധാനത്ത് കൂടാതെ നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലും മാലിന്യങ്ങൾ ശേഖരിച്ച് നശിപ്പിക്കുന്നുണ്ട്.
കഠിനമെന്റയ്യപ്പാ...
ദിവസവും ഒരുലക്ഷത്തിലധികം ഭക്തരെത്തുന്ന ശബരിമലയെ ശുചിയോടെ കാത്തുസൂക്ഷിക്കാൻ പാടുപെടുകയാണ് വിശുദ്ധി സേനാംഗങ്ങൾ. സന്നിധാനത്തിനു പുറമേ പമ്പ, നിലയ്ക്കൽ, പന്തളം, കുളനട എന്നിവിടങ്ങളിലുമായി 1000 വിശുദ്ധി സേനാംഗങ്ങളാണ് രാപകൽ പണിയെടുക്കുന്നത്. 1995ൽ രൂപീകരിച്ച ശബരിമല സാനിറ്റേഷൻ സൊസൈറ്റി, തമിഴ്‌നാട് അയ്യപ്പസംഘം മുഖേനയാണ് വിശുദ്ധിസേനാംഗങ്ങളെ ശമ്പളവും മറ്റും നൽകി നിയോഗിച്ചിട്ടുള്ളത്. ശബരിമല തീർത്ഥാടനത്തിനും വിഷുഉത്സവം,തിരുവുത്സവം കാലയളവിലും ഇവർ ശുചീകരണം നടത്തുന്നു. ഓരോ സെക്ടറിലും വിശുദ്ധി സേനാംഗങ്ങളിൽ ഒരാളെ ലീഡറായി നിയോഗിച്ചാണ് പരിസര ശുചീകരണം, മാലിന്യം ശേഖരിച്ച് സംസ്ക്കരിക്കൽ ഉൾപ്പെടെ നടത്തുന്നത്.