പത്തനംതിട്ട : യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവിനെ കൂടൽ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര ഊരൂട്ടുകാല രോഹിണി നിവാസിൽ ശ്രീജിത് (28) ആണ് പിടിയിലായത്. ഇൻസ്റ്റാഗ്രാമിൽ മിഥുൻ കൃഷ്ണ എന്ന പേരിൽ അക്കൗണ്ട് ഉണ്ടാക്കിയാണ് ഇയാൾ പെൺകുട്ടിയുമായി പരിചയപ്പെട്ടത്. എസ്.ഐ ട്രെയിനിയാണെന്ന് വിശ്വസിപ്പിച്ച് വിവാഹവാഗ്ദാനം നൽകിയ ശേഷം പെൺകുട്ടിയോട് പണം കടമായി ആവശ്യപ്പെട്ടു. സ്വർണം വിറ്റും മറ്റുള്ളവരിൽ നിന്ന് കടം വാങ്ങിയും പലപ്പോഴായി യുവതി 3 ലക്ഷം രൂപ ബാങ്ക് ഇടപാടിലൂടെ നൽകി. പണം കിട്ടിയ ശേഷം ഇയാൾ മൊബൈൽ ഫോൺ ഓഫാക്കി. ഇതിന്റെ മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇത്തരത്തിൽ നിരവധി സ്ത്രീകളെ ഇയാൾ കബളിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നത്.
കോട്ടയത്തെ ഒരു ഹോട്ടലിൽ നിന്നാണ് ഇന്നലെ പിടികൂടിയത്. തട്ടിപ്പിന് ഇരയായ മറ്റ് രണ്ട് പെൺകുട്ടികളുടെ പരാതി പൊലീസിന്ലഭിച്ചിട്ടുണ്ട് . കോന്നി ഡിവൈ.എസ്.പി ടി.രാജപ്പന്റെ മേൽനോട്ടത്തിൽ കൂടൽ പൊലീസ് ഇൻസ്‌പെക്ടർ ജി.പുഷ്പകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ഷെമിമോൾ, എ.എസ്.ഐ ജയശ്രീ, എസ്.സി.പി ഓമാരായ വിൻസെന്റ്, സുനിൽ, സി.പി.ഓ ഷാജഹാൻ എന്നിവരാണ് അന്വേഷം നടത്തുന്നത്.