അടൂർ : ഞായറാഴ്ച വൈകിട്ട് 5 ന് അടൂരിൽ എത്തുന്ന നവകേരള സദസിനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. സെൻട്രൽ ജംഗ്ഷന് കിഴക്ക് കെ.പി റോഡ് അരുകിലുള്ള വൈദ്യൻസ് ഗ്രൗണ്ടിലാണ് വേദിയൊരുക്കുന്നത്. പതിനായിരത്തിലധികം പേർക്ക് ഇരുന്ന് നവകേരളസദസ് വീക്ഷിക്കുന്നതിനുള്ള കൂറ്റൻ പന്തലിന്റെ നിർമ്മാണം ആരംഭിച്ചുകഴിഞ്ഞു. നിർമ്മാണ പുരോഗതി കഴിഞ്ഞ ദിവസം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും റവന്യൂ ഉദ്യോഗസ്ഥരും വിലയിരുത്തി. നവകേരള സദസിന്റെ പ്രചരണാർത്ഥം വിവിധ പഞ്ചായത്തുകളിൽ സെമിനാർ, കവിയരങ്ങ്, കോൽകളിമത്സരം തുടങ്ങി വിവിധ കലാപരിപാടികൾ നടന്നുവരുന്നു. ഇന്നും നാളെയുമായി പഞ്ചായത്തുകളിൽ വിളംബരഘോഷയാത്ര നടക്കും. അടൂർ നഗരസഭയുടെ നേതൃത്വത്തിൽ 15ന് വാദ്യമേളങ്ങളുടേയും ചെണ്ടമേളങ്ങളുടേയും അകമ്പടിയോടെ വിളംബര ഘോഷയാത്ര നടക്കും. ദിവസവും സംഘാടകസമിതി ചെയർമാൻ ചിറ്റയം ഗോപകുമാറിന്റെ സാന്നിദ്ധ്യത്തിൽ സംഘാടകസമിതിയോഗം ചേർന്ന് ക്രമീകരണങ്ങൾ വിലയിരുത്തിവരുന്നു. ഞായറാഴ്ച പകൽ മൂന്നു മുതൽ പരാതികൾ സ്വീകരിച്ചുതുടങ്ങും. ഇതിനായി പ്രത്യേക കൗണ്ടറുകളും വേദിക്കരികിലായി സജ്ജീകരിക്കും. 17ന് വൈകിട്ട് 6 ന് മുഖ്യമന്ത്രിയും മന്ത്രിമാരും അടൂരിൽ എത്തിച്ചേർന്ന് ജനങ്ങളുമായി സംവദിക്കും. പഞ്ചായത്തുതല സംഘാടകസമിതി രൂപീകരിച്ച് ജനങ്ങളുമായി സംവദിക്കുന്ന വീട്ടുമുറ്റ സദസുകളും മണ്ഡലത്തിൽ പൂർത്തീകരിച്ചു. ഇന്ന് കൊടുമണ്ണിൽ കാർഷിക പ്രദർശനവും സെമിനാറും നാളെ വൈകിട്ട് 5 ന് അടൂർ കെ.എസ്.ആർ.ടി.സി കോർണറിൽ ചിത്രകലാകാരന്മാരുടെ കൂട്ടായ്മയും നിർമ്മാല്യം സിനിമയുടെ പ്രദർശനവും നടക്കും.