
പത്തനംതിട്ട: ശബരിമലയിൽ കഴിഞ്ഞ അഞ്ചുദിവസമായി അനുഭവപ്പെടുന്ന വൻതിരക്കിനും തീർത്ഥാടകർ നേരിടുന്ന ദുരിതത്തിനും ഇന്നലെയോടെ കാര്യമായ കുറവുണ്ടായി. തിരക്ക് നിയന്ത്രണംവിട്ടുതുടങ്ങിയ അവസ്ഥയിലായിരുന്നു സന്നിധാനവും പരിസരപ്രദേശങ്ങളും. സർക്കാരിന്റെ അടിയന്തര ഇടപെടലാണ് ആശ്വാസമായത്. ക്രമീകരണങ്ങൾ വിലയിരുത്താൻ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ നിലയ്ക്കലും പമ്പയും സന്നിധാനവും സന്ദർശിച്ചു. തീർത്ഥാടകരുമായും പൊലീസ്, ദേവസ്വം അധികൃതരുമായും ചർച്ചനടത്തി.
പമ്പയിൽ നിന്ന് സന്നിധാനം വരെ ഭക്തരെ കയറ്റിവിടുന്നതിൽ നിയന്ത്രണം തുടരുന്നുണ്ട്. പമ്പയിൽ വലിയ തിരക്കാണ്. നാലു മണിക്കൂർ വരെ ഭക്തർ കാത്തുനിൽക്കുന്നുണ്ട്. മൂന്നു പന്തലുകളാണ് ഇവിടെയുള്ളത്. രണ്ടു താത്കാലിക പന്തലുകൾ ഇന്ന് സ്ഥാപിക്കും. ഇന്നലെ വെർച്വൽക്യൂ വഴി 50062 പേർ ദർശനം നടത്തി. സന്നിധാനത്ത് ദർശനം നടത്താൻ കഴിയാത്ത തീർത്ഥാടകർ ഇന്നലെയും പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെത്തി നെയ്യഭിഷേകം നടത്തി മടങ്ങി.
തിരക്ക് കുറച്ചത് ഇങ്ങനെ
1. പതിനെട്ടാംപടിയിലൂടെ കയറ്റുന്ന ഭക്തരുടെ എണ്ണം ഒരു മിനിട്ടിൽ 60ൽനിന്ന് 70 ആക്കി
2. മലയിറക്കം വേഗത്തിലാക്കി, വെർച്വൽ ക്യു ബുക്കിംഗ് 90,000ൽ നിന്ന് 80,000 ആയി കുറച്ചു
3. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് മണിക്കൂറിൽ 35 മുതൽ 40 വരെ കെ.എസ്.ആർ.ടി.സി സർവീസുകൾ
4. പമ്പയിൽ പത്ത് മണിക്കൂറിലേറെ ഉണ്ടായിരുന്ന ക്യൂ നാല് - അഞ്ച് മണിക്കൂറായി കുറഞ്ഞു
5. കുടിവെള്ളം, ബിസ്കറ്റ് വിതരണത്തിന് കൂടുതൽ പേരെ പമ്പ മുതൽ സന്നിധാനം വരെ നിയോഗിച്ചു
''നിലയ്ക്കലിൽ കൂടുതൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തും. ശബരിമലയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഒന്നിച്ച് ജോലി പൂർത്തിയാക്കി പോകുന്നതിന് മാറ്റംവരുത്തും. ഒരുതവണ ചുമതലയേൽക്കുന്നവരിൽ പകുതി ആളുകളെ നിറുത്തിയ ശേഷം അടുത്ത ബാച്ചിനെ നിയമിക്കുന്ന രീതി ആലോചിക്കും.
-ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ