underpass
കുറ്റൂർ - വള്ളംകുളം റോഡിലെ റെയിൽവേ അടിപ്പാത തകർന്ന നിലയിൽ

തിരുവല്ല: കുറ്റൂരിലെ റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ഒരുവർഷം മുമ്പ് നടത്തിയ നിർമ്മാണം തകർന്നു. കഴിഞ്ഞ ഡിസംബറിലാണ് ലക്ഷങ്ങൾ ചെലവഴിച്ച് അടിപ്പാത നവീകരിച്ചത്. വെള്ളം കയറാതിരിക്കാനായി തറയിൽ കമ്പികെട്ടി കോൺക്രീറ്റ് ചെയ്യുകയായിരുന്നു. റോഡിന്റെ പലഭാഗങ്ങളിലും ഇപ്പോൾ കോൺക്രീറ്റ് ഇളകി കമ്പി പുറത്തുവന്നു. ഇതിൽ തട്ടിവാഹനങ്ങൾക്ക് തകരാറുണ്ടാകുന്നു. അടിപ്പാതയിൽ വെള്ളം നിറഞ്ഞാൽ വറ്റിക്കാനായി വലിയ മോട്ടോറുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പൂർണമായും വറ്റിക്കാൻ സാധിക്കാറില്ല. നിർമ്മാണം നടക്കുമ്പോൾ നാട്ടുകാർ ഇക്കാര്യം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. അടിപ്പാതയിലേക്ക് വെള്ളം കയറാതിരിക്കാൻ റോഡിന്റെ ഇരുവശത്തും നിർമ്മിച്ച ഡ്രെയിനേജ് ഹോളിനു മുകളിലെ ഇരുമ്പ് പൈപ്പുകൾ തകർന്നതും യാത്രക്കാർക്ക് ദുരിതമാണ്. അടിയന്തര പരിഹാരമില്ലെങ്കിൽ റോഡിലുള്ള ഗതാഗതം നിലയ്ക്കും.. എം.സി. റോഡിനെയും ടി.കെ. റോഡിനെയും ബന്ധിപ്പിക്കുന്ന കുറ്റൂർ - വള്ളംകുളം റോഡിലൂടെയുള്ള യാത്രയാണ് അധികൃതരുടെ അനാസ്ഥമൂലം അവതാളത്തിലാകുന്നത്.