പത്തനംതിട്ട: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാറ്റുരയ്ക്കാൻ ഇത്തവണയും നാടക രചയിതാവും സംവിധായകനുമായ കൊടുമൺ ഗോപാലകൃഷ്ണന്റെ ശിഷ്യരുണ്ട്. സ്കൂൾ കലോത്സവങ്ങളിലെ നാടക മത്സരങ്ങളിൽ എല്ലാ വർഷവും കൊടുമൺ ഗോപാലകൃഷ്ണന്റെ ശിഷ്യർ മികവുകാട്ടാറുണ്ട്. ഇത്തവണ മൂന്ന് ജില്ലാകലോത്സവങ്ങളിൽ വിജയിച്ച ശിഷ്യരായ 40 കുട്ടികളാണ് സംസ്ഥാന വേദിയിലെത്തുന്നത്. പത്തനംതിട്ട , കോട്ടയം കൊല്ലം ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ.
34 വർഷമായി നാടരംഗത്ത് സജീവമാണ് ഗോപാലകൃഷ്ണൻ. 118 നാടകങ്ങൾ കുട്ടികൾക്കായി രചിച്ചിട്ടുണ്ട്. 12 നാടകങ്ങൾ പുസ്തകമാക്കി . കോഴിക്കോട്, കോട്ടയം, കൊല്ലം ,ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ആയിരക്കണക്കിന് ശിഷ്യരുണ്ട്. 42ൽപരം പുരസ്‌കാരങ്ങൾ നേടി. സംസ്‌കൃത നാടകങ്ങൾ, മലയാള നാടകങ്ങൾ, ഇംഗ്ലീഷ് സ്‌കിറ്റ്, മോണോ ആക്ടുകൾ എന്നിവയ്ക്ക് തുടർച്ചയായി സംസ്ഥാനത്ത് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. ആറുവർഷം സംസ്ഥാനത്ത് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടതും ഗോപാലകൃഷ്ണന്റെ നാടകങ്ങളിലെ വിദ്യാർത്ഥികളായിരുന്നു . ഭരതമുനിയും നാട്യശാസ്ത്രവും, കുമാരനാശാന്റെ കരുണ, ഇരകൾ, കൊച്ചു കൊക്കരച്ചി എന്നീ നാടകങ്ങളാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരിപ്പിക്കുന്നത്.