
പന്തളം : മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന് അച്ചൻകോവിലാർ കടന്ന് കുളനട, ഞെട്ടൂർ, മാന്തുക തുടങ്ങിയ പ്രദേശങ്ങളിലെ ആളുകൾക്ക് എത്താൻ വയറപ്പുഴക്കടവിൽ താത്കാലിക നടപ്പാലം ഒരുങ്ങുന്നു. പന്തളം മഹാദേവ ഹിന്ദുസേവാസമിതിയിലെ ഞെട്ടൂർ പ്രാദേശിക സഭയിലെ യുവാക്കളും കരനാഥന്മാരും ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ ശ്രമദാനമായാണ് പാലം പണിയുന്നത്. ഇവിടെ ഉണ്ടായിരുന്ന കടത്തുവള്ളം നിറുത്തലാക്കിയതോടെ മറുകരയിലെത്താൻ പന്തളം വലിയപാലത്തിലൂടെ രണ്ട് കിലോമീറ്ററിലധികം സഞ്ചരിക്കേണ്ട സാഹചര്യമായിരുന്നു. പന്തളം മഹാദേവർ ക്ഷേത്രത്തിലെ പറയ്‌ക്കെഴുന്നെള്ളിപ്പിന് ഭഗവാന്റെ തിടമ്പ് മറുകരയിലെത്തിച്ചത് ചെറിയ വള്ളത്തിലാണ്. ഞെട്ടൂർ - മുളമ്പുഴ കരകളെ ബന്ധിപ്പിച്ച് വർഷങ്ങളായി തുടർന്നുവന്ന വള്ളക്കടത്ത് നിലച്ചതാണ് ദുരിതമായത്.
വയറപ്പുഴ പാലം യാഥാർത്ഥ്യമാകുമോ ?
ടെൻഡർ നടപടിവരെ എത്തിയിട്ടും വയറപ്പുഴക്കടവിലെ പാലംപണി എന്ന് തുടങ്ങാനാകുമെന്ന് വ്യക്തതയില്ല. പദ്ധതിക്ക് അനുവദിച്ച തുകയുടെ കുറവാണ് തടസമായി ചൂണ്ടിക്കാട്ടുന്നത്.
സാധനസാമഗ്രികളുടെ വില വർദ്ധനയും പദ്ധതിയെ പ്രതികൂലമായി ബാധിച്ചു. തുക കൂട്ടി നൽകാൻ സർക്കാരിന്റെ പ്രത്യേക അനുമതി ലഭിച്ചതിനാൽ പണി വൈകാതെ തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വലിയ പാലം വന്നാൽ
അടൂർ - ചെങ്ങന്നൂർ റോഡിൽ പുതിയ പാത തുറന്നുകിട്ടും. മാവേലിക്കര ഭാഗത്തുനിന്ന് ചെങ്ങന്നൂർ, കോട്ടയം ഭാഗത്തേക്ക് പോകുന്നവർക്ക് പന്തളം ടൗണിൽ എത്താതെ എം.സി റോഡിൽ പ്രവേശിക്കാനാകും.