naga
നഗരസഭാ പരിധിയിൽ സ്ഥാപിച്ച ക്യാമറകളുടെ ഉദ്ഘാടനം ചെയർമാൻ ടി. സക്കീർ ഹുസൈൻ നിർവഹിക്കുന്നു

പത്തനംതിട്ട : നഗരസഭ സ്ഥാപിച്ച ക്യാമറകളുടെ ഉദ്ഘാടനം ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ നിർവഹിച്ചു. വിവിധ പ്രദേശങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ക്യാമറകളിൽ ദൃശ്യങ്ങൾ തത്സമയം നഗരസഭാ കാര്യാലയത്തിലും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും നഗരസഭാ ക്ലീൻ സിറ്റി മാനേജർക്കും ലഭ്യമാകത്തക്ക വിധത്തിലാണ് പ്രവർത്തനം. മാലിന്യം വലിച്ചെറിയുന്നവരുടെ വിവരങ്ങൾ ചിത്രങ്ങളായോ വിഡിയോകളായോ നൽകാനുള്ള വാട്ട്‌സ് ആപ് നമ്പറും യോഗത്തിൽ പ്രകാശനം ചെയ്തു. മാലിന്യസംസ്‌കരണം കൂടുതൽ കാര്യക്ഷമമാക്കാൻ മുനിസിപ്പാലിറ്റി, പഞ്ചായത്ത് രാജ് നിയമങ്ങളിൽ ഭേദഗതി വരുത്തിയ സർക്കാർ ഉത്തരവ് പ്രകാരം അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്താൽ പരമാവധി ഒരു വർഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കുമെന്ന് നഗരസഭാദ്ധ്യക്ഷൻ അഡ്വ.ടി.സക്കീർ ഹുസൈൻ പറഞ്ഞു . മാലിന്യം വലിച്ചെറിയുന്നതിനെതിരെ തദ്ദേശസ്ഥാപന സെക്രട്ടറിക്ക് തത്സമയം 5000 രൂപവരെ പിഴ ചുമത്താം. മാലിന്യം സംസ്‌കരിക്കാനുള്ള യൂസർ ഫി നൽകേണ്ടവർ അതിൽ മുടക്കം വരുത്തിയാൽ പ്രതിമാസം 56 ശതമാനം പിഴ ഈടാക്കും. വസ്തു നികുതി ഉൾപ്പെടെയുള്ള പൊതുനികുതി കുടിശ്ശികയോടൊപ്പമാകും ഇത് ഈടാക്കുക. 90 ദിവസത്തിന് ശേഷവും യൂസർഫി നൽകാത്തവരിൽനിന്ന് മാത്രമേ പിഴ ഈടാക്കൂ എന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഘട്ടമായി നഗരത്തിൽ പോർട്ടബിൾ ക്യാമറകൾ സ്ഥാപിക്കാനുള്ള പദ്ധതിക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്.

വിവരം നൽകുന്നവർക്ക് പാരിതോഷികം

മാലിന്യം വലിച്ചെറിയുന്നവരുടെ വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം നൽകും. പൊതുജനങ്ങൾക്ക് മാലിന്യം വലിച്ചെറിയുന്നവരെ പറ്റിയുള്ള വിവരങ്ങൾ 8281004053 എന്ന നമ്പറിലെ വാട്ട്‌സ് ആപ്പ് നമ്പറിൽ ചിത്രങ്ങളായോ വിഡിയോകളായോ നൽകാം. യോഗത്തിൽ നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്‌സ് അദ്ധ്യക്ഷനായി. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഇന്ദിരാമണിയമ്മ , ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ അനീഷ്‌കൗൺസിലർമാരായ വിമല ശിവൻ, അഷ്‌റഫ് എ, ശൈലജ എസ്, മുനിസിപ്പൽ സെക്രട്ടറി സുധീർ രാജ്, പി.ഡബ്‌ള്യു.ഡി ഇലക്ട്രോണിക്‌സ് അസിസ്റ്റന്റ് എൻജിനീയർ ജയചന്ദ്രൻ, ഹെൽത്ത് സൂപ്പർവൈസർ വിനോദ് എം.പി, വിവിധ രാഷ്ട്രീയ തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് മാത്യു മരോട്ടി മൂട്ടിൽ, ബിജു മുസ്തഫ, ബേബി, തുടങ്ങിയവർ സംസാരിച്ചു.

..............

ഒരു വർഷം വരെ തടവും 50,000 രൂപ പിഴയും