
ശബരിമല : മണ്ഡലമകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് പമ്പ, നിലയ്ക്കൽ ബസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾക്ക് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് ഇടമുറിയാതെ ചെയിൻ സർവീസുകൾ ക്രമീകരിച്ചു. ചെയിൻ സർവീസുകളിലേക്കുള്ള ടിക്കറ്റുകൾ ബസിൽ തന്നെ ലഭിക്കും. ചെയിൻ സർവീസുകളെല്ലാം ത്രിവേണി ജംഗ്ഷനിൽ നിന്ന് മാത്രമേ സർവീസ് നടത്തൂ. പമ്പാ ത്രിവേണി, യു ടേൺ എന്നിവിടങ്ങളിൽ നിന്ന് പമ്പ ബസ് സ്റ്റേഷനിലേക്ക് ഭക്തർക്കായി സൗജന്യ സർവീസ് ക്രമീകരിക്കും.
നിലയ്ക്കൽ നിന്ന് പമ്പയിലേക്ക് ഇടമുറിയാതെ ചെയിൻ സർവീസുകൾ ഉണ്ടാവും. ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി നിലയ്ക്കലിലെ ത്രിവേണി ജംഗ്ഷനിൽ നിന്ന് നിലയ്ക്കൽ ബസ് സ്റ്റേഷനിലേക്കുള്ള റോഡ് കെ.എസ്.ആർ.ടി.സി വാഹനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തി. മറ്റ് സ്വകാര്യ വാഹനങ്ങൾക്ക് ഈ റോഡിൽ പ്രവേശനമില്ല.
പമ്പയിൽ നിന്ന് ദീർഘദൂര ബസുകൾ
പമ്പാബസ് സ്റ്റേഷനിൽ നിന്ന് ചെങ്ങന്നൂർ, തിരുവനന്തപുരം, എറണാകുളം, കുമളി, കോട്ടയം എന്നീ സ്ഥലങ്ങളിലേക്ക് ദീർഘദൂര സർവീസുണ്ടാകും. അയ്യപ്പഭക്തർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് പ്രത്യേക ചാർട്ടേഡ് ബസുകളും ലഭ്യമാണ്. ഒട്ടേറെ ഭക്തരുണ്ടെങ്കിൽ ഗ്രൂപ്പ് ടിക്കറ്റ്, ഓൺലൈൻ ടിക്കറ്റ് എന്നിവയുണ്ടാകും.