ranni

റാന്നി : മലയോരത്തിന്റെ റാണി സുന്ദരിയാണെങ്കിലും അവഗണനയ്ക്ക് കുറവൊന്നുമില്ല. പ്രകൃതി സൗഹൃദ ടൂറിസം പദ്ധതികൾക്ക് നിരവധി സാദ്ധ്യതകൾ ഉണ്ടെങ്കിലും ഒന്നും പ്രയോജനപ്പെടുത്തുന്നില്ല. പതിറ്റാണ്ടുകളായി ഉയർന്നു കേൾക്കുന്ന മണിയാർ ടൂറിസം പദ്ധതിക്ക് ഇതുവരെയും നല്ലകാലം വന്നെത്തിയിട്ടില്ല. ദൂരെ സ്ഥലങ്ങളിൽ നിന്ന് ഉൾപ്പടെ നിരവധിയാളുകൾ ഇവിടെ സഞ്ചാരത്തിന് എത്താറുണ്ട്. എന്നാൽ വിനോദത്തിന് എത്തുന്നവർ നിരാശയോടെ മടങ്ങുന്ന കാഴ്ചയാണ് ഇന്നുള്ളത്. ഡാമിലേക്ക് കടന്നുചെല്ലുന്ന ഇരുവഴികളും തകർച്ചയിലാണ്. പത്തുവർഷം മുമ്പ് സഞ്ചാരികൾക്ക് വിശ്രമിക്കാൻ തയ്യാറാക്കിയ ഇരിപ്പിടങ്ങൾ നശിച്ചു. ഡാമിന്റെ ഏറ്റവും നല്ല കാഴ്ച സമ്മാനിക്കുന്ന സ്ഥലമായിട്ടും പരിഗണന ലഭിക്കുന്നില്ല.

ഗവിയിലും പെരുന്തേനരുവിയിലും എത്തുന്ന സഞ്ചാരികളെ ആകർഷിച്ച് മണിയാറിൽ എത്തിക്കാനുള്ള പദ്ധതി ലക്ഷ്യം കണ്ടില്ല. മണിയാർ അണക്കെട്ടും പമ്പാജലസേചന പദ്ധതിയുടെ കൈവശമുള്ള 30 ഏക്കറും പ്രയോജനപ്പെടുത്തിയുള്ള ടൂറിസം പദ്ധതിയാണ് ആസൂത്രണം ചെയ്തത്. അഞ്ചുകോടിയായിരുന്നു പദ്ധതി ചെലവ്. പദ്ധതി പ്രദേശം ഇറിഗേഷൻ വകുപ്പിന്റെ ആയതിനാൽ പ്രത്യേക അനുമതി വേണം. അനുമതി വൈകുന്നത് കാലതാമസത്തിന് കാരണമായി.

പൈലിംഗിൽ ഒതുങ്ങി ഇടത്താവളം

റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിന്റെ പിൻഭാഗത്ത് പഴവങ്ങാടി പഞ്ചായത്ത് സ്വകാര്യ വ്യക്തിയുടെ പക്കൽ നിന്ന് ഏറ്റെടുത്ത് നൽകിയ സ്ഥലത്താണ് ഇടത്താവളത്തിന് ഇടമൊരുക്കിയത്. പന്ത്രണ്ട് നിലകളുള്ള കെട്ടിടമായിരുന്നു ലക്ഷ്യമിട്ടത്. പൈലിംഗിൽ ഉറപ്പിച്ച കമ്പികൾ എല്ലാം തുരുമ്പെടുത്തു. കരാറുകാരൻ ഉപേക്ഷിച്ചു പോയ നിർമ്മാസാമഗ്രികളും ഇവിടെയുണ്ട്. പരിസ്ഥിതി പ്രശ്നങ്ങളും ഹരിത ട്രിബ്യൂണലിന്റെ തടസവാദങ്ങളും ബഹുനില കെട്ടിട പദ്ധതി പൊളിച്ചു.

ഇടത്താവള പദ്ധതി

ചെലവ് : 72 കോടി,

12നിലകളിൽ

(വ്യാപാര സമുച്ചയം, കോൺഫറൻസ് ഹാളുകൾ,
പിൽഗ്രിം സെന്റർ, ബസ് ടർമിനൽ എന്നിവ)

ഭൂമിക്ക് നൽകിയ വില : 4.27 കോടി

പൂർണമാകാതെ പുതിയ പാലം

റാന്നി പുതിയ പാലം റാന്നി പുതിയ പാലത്തിന് അനുമതി ലഭിച്ചത് 2016ലാണ്. 2016 - 17 വർഷത്തിൽ കിഫ്ബി ഫണ്ടിൽ നിന്ന് 27 കോടി രൂപ ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം. 317 മീറ്ററാണ് പാലത്തിന്റെ നീളം. ഇരുവശത്തും നടപ്പാതയോടു കൂടി 12 മീറ്റർ വീതിയുണ്ടാകും. പമ്പാനദിയിൽ 45 മീറ്ററിൽ മൂന്ന് സ്പാനുകൾ ഉള്ള ആർച്ച് ബ്രിഡ്ജായാണ് വിഭാവനം ചെയ്തത്. പെരുമ്പുഴ കരയിൽ മൂന്ന് തൂണുകളുടെ പണി പൂർത്തിയായി. അവയെ ബന്ധിപ്പിച്ച് എട്ടു ഗർഡറുകളും സ്ഥാപിച്ചു. ഉപാസനക്കടവിനോടു ചേർന്ന കരയിലെ രണ്ട് തൂണുകളുടെ പണി ഭാഗികമായി നടത്തി. സാങ്കേതിക തടസങ്ങൾ വന്നതോടെ പണി പൂർണമായും നിലച്ചു.

പരിഹാരമില്ലാതെ പട്ടയപ്രശ്നം

ജില്ലയിൽ ആറായിരത്തിലധികം കുടുംബങ്ങൾക്ക് ഇപ്പോഴും പട്ടയം ലഭിക്കാനുണ്ട്. ഇതിൽ ആയിരത്തോളം പേർ റാന്നി മണ്ഡലത്തിൽ നിന്നാണ്. പതിറ്റാണ്ടുകളായി പട്ടയത്തിനുവേണ്ടി കാത്തിരിക്കുന്ന മലയോര കുടുംബങ്ങളാണിത്. തലമുറകളായി സ്വന്തം ഭൂമിയിൽ അദ്ധ്വാനിച്ചുവരികയാണെങ്കിലും നട്ടുവളർത്തിയ മരം മുറിക്കാനോ വസ്തു പണയപ്പെടുത്തി വായ്പയെടുക്കാനോ അനുമതിയില്ലാതെ ബുദ്ധിമുട്ടുകയാണ് ഇവർ. വായ്പ ലഭിക്കാതെ നിരവധി വിദ്യാർത്ഥികൾക്ക് തുടർപഠനം നടത്താനാകാതെ ബുദ്ധിമുട്ടിലാണ്.

അയിരൂർ കഥകളി ഗ്രാമം അയിരൂർ കഥകളി ഗ്രാമത്തിലെ കഥകളി മ്യൂസിയത്തിന് ഭരണാനുമതി ലഭിച്ചെങ്കിലും സാങ്കേതികാനുമതി ആയിട്ടില്ല. ചെറുകോൽപ്പുഴ പാലം ജംഗ്ഷനിലുള്ള ക്ളബിന്റെ സ്ഥലത്താണ് മ്യൂസിയം നിർമ്മിക്കുന്നത്. രണ്ടരക്കോടി രൂപ ചെലവിൽ പരമ്പരാഗത ശൈലിയിൽ പണിയുന്ന മ്യൂസിയത്തിൽ കഥകളി കിരീടങ്ങളുടെയും മെയ്ക്കോപ്പുകളുടെയും പ്രദർശനമുണ്ട്.