കൊടുമൺ : നവകേരളസദസ് ഭാവി കേരളത്തിന്റെ സൃഷ്ടിക്കായാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.നവകേരള സദസുമായി ബന്ധപ്പെട്ട് കൊടുമൺ സർവീസ് സഹകരണബാങ്ക് അങ്കണത്തിൽ നടന്ന കാർഷികസെമിനാറും വിപണനമേളയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാവികേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ടു്ജനങ്ങളുടെ അഭിപ്രായം കേൾക്കുന്നതിനും അവരുടെ നിവേദനങ്ങൾ സ്വീകരിക്കുന്നതിനുമാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്. മണ്ഡലത്തിൽ കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ 2,500 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടന്നു. കൊടുമണ്ണിൽ ഒരു കോടി രൂപ ചെലവിൽ സ്മാർട്ട് കൃഷി ഭവൻ നിർമ്മിക്കാൻ നടപടികളാരംഭിച്ചു. നിർമ്മാണം നടന്നു വരുന്ന ഏഴംകുളം കൈപ്പട്ടൂർ റോഡിന്റെ എസ്റ്റിമേറ്റ് 38 കോടിയിൽ നിന്ന് 54 കോടിയായി വർദ്ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കാർഷിക വിഭവങ്ങളും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും എന്ന വിഷയത്തിൽ ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ എസ് പ്രദീപ് കുമാർ സംസാരിച്ചു. കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള, കൊടുമൺ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.വിപിൻ കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ധന്യാ ദേവി, ഏഴംകുളം പഞ്ചായത്തംഗം ബാബു ജോൺ, കൊടുമൺ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ എ.എൻ സലീം തുടങ്ങിയവർ പങ്കെടുത്തു