
പത്തനംതിട്ട : സംസ്ഥാന സർക്കാരിന്റെ വികസന ക്ഷേമപദ്ധതികൾ വിശദീകരിക്കാനും ജനകീയപ്രശ്‌നങ്ങൾ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങൾക്ക് മുന്നിലെത്തുന്ന നവകേരളസദസ് ജില്ലയിൽ നാളെ പ്രവേശിക്കും.16ന് വൈകിട്ട് അഞ്ചോടെ ചെങ്ങന്നൂരിൽ നിന്ന് ജില്ലാതിർത്തിയിലേക്ക് കാബിനറ്റ് ബസ് കടന്നുവരും. മുഖ്യമന്ത്രിയടങ്ങുന്ന സംഘത്തിന് ജില്ലാതിർത്തിയിൽ വൻ സ്വീകരണമാണ് നൽകുക. ആരോഗ്യ മന്ത്രി വീണാജോർജിന്റെ നേതൃത്വത്തിൽ സജീവമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും സദസ് അരങ്ങേറുന്ന വൻവേദികൾ തയ്യാറായി. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പൊലീസിന്റെ സേനയെ വിന്യസിക്കും. പഴുതടച്ച ക്രമീകരണങ്ങളാണ് പൊലീസ് സംഘം ഒരുക്കുന്നത്. വേദിക്ക് അഭിമുഖമായി നിവേദനം സ്വീകരിക്കുന്നതിന് 20 ലേറെ കൗണ്ടറുകളാണ് സജ്ജീകരിക്കുക. ഈ കൗണ്ടറുകൾ സദസ് ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പ്രവർത്തനം തുടങ്ങും. ഭിന്നശേഷിക്കാർ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ, പൊതുവായവ എന്നിങ്ങനെ കൗണ്ടറുകൾ സജ്ജീകരിക്കും. ടോയ്‌ലെറ്റുകൾ, കുടിവെള്ളം തുടങ്ങിയവ എല്ലാ വേദികളിലും ഉറപ്പുവരുത്തും. വേദിക്ക് അരികിലായി അടിയന്തരസാഹചര്യത്തിൽ പ്രവർത്തിക്കാൻ മെഡിക്കൽ ടീമിനേയും വിന്യസിക്കും. സദസ് അവസാനിച്ചാലുടൻ തന്നെ ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ വേദികൾ വൃത്തിയാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രചരണപരിപാടികൾ വൻവിജയം
മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത്, നവകേരളം നവലോകമുദ്രകൾ എന്ന പേരിലുള്ള ബ്രോഷർ തുടങ്ങിയവ വീട്ടുമുറ്റ സദസുകളിലുടെ ജില്ലയിലെ ഓരോ കുടുംബങ്ങളിലേക്കും എത്തിച്ചു. നവകേരളസദസുമായി ബന്ധപ്പെട്ട് മണ്ഡലതലത്തിൽ വിവിധ കായികകലാസാംസ്‌കാരിക പരിപാടികൾ സംഘടിപ്പിച്ചു.
ഓരോ മണ്ഡലത്തിലേയും ക്രമീകരണങ്ങൾ കാര്യക്ഷമമാക്കുന്നതിനു നോഡൽ ഓഫീസർമാരെയും ചുമതലപ്പെടുത്തിയിരുന്നു. പഞ്ചായത്തുതല സംഘാടകസമിതികളും രൂപീകരിച്ചു. ജനങ്ങളുമായി സംവദിക്കുന്ന വീട്ടുമുറ്റ സദസുകൾ ജില്ലയിലെ എല്ലാ പഞ്ചായത്തുകളും പൂർത്തിയാക്കി.
ഇന്ന് വൈകിട്ട് നാലിന് ജില്ലാതലത്തിൽ ജനപ്രതിനിധികളുടേയും പൗരപ്രമുഖരുടേയും സർക്കാർ ഉദ്യോഗസ്ഥരുടേയും പങ്കാളിത്തത്തോടെ വൻവിളംബരഘോഷയാത്രയാണ് സംഘടിപ്പിക്കുക. ഘോഷയാത്ര സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ചു നഗരം ചുറ്റി അബാൻ ജംഗ്ഷനിൽ അവസാനിക്കും.
നവകേരളസദസ് ഇങ്ങനെ:
16ന് വൈകിട്ട് ആറിന് തിരുവല്ല എസ്.സി.എസ് ഗ്രൗണ്ടിൽ ആദ്യസദസ്.
17ന് ഒൻപതിന് ആറൻമുള മണ്ഡലത്തിലെ സെന്റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിൽ പ്രഭാതയോഗം. സമൂഹത്തിന്റെ വിവിധ മേഖലയിലെ പ്രമുഖരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കും. തുടർന്ന് പ്രത്യേകം സജ്ജമാക്കിയ മീഡിയാ റൂമിൽ മുഖ്യമന്ത്രി മാദ്ധ്യമങ്ങളെ കാണും. രാവിലെ 11ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പൊതുജനങ്ങളെ അഭിസംബോധന ചെയ്യും.
ഉച്ചകഴിഞ്ഞ് മൂന്നിന് റാന്നി മാർ സേവിയസ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ
നാലിന് കോന്നി മണ്ഡലത്തിലെ സദസ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ
ആറിന് അടൂർ മണ്ഡലത്തിലേത് വൈദ്യൻസ് ഗ്രൗണ്ടിൽ.